
പേരാമ്പ്ര: ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാറിന്റെ പിന്‍ഭാഗത്ത് നിന്നാണ്
തീപിടിച്ചതെന്നാണ് ജില്ലാ ഫൊറന്‍സിക് വിഭാഗത്തിന്റെ കണ്ടെത്തല്‍. ദുരന്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാന്‍ സാധ്യതയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകാന്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. എന്‍ജിന്റെ റേഡിയേറ്റര്‍ ഭാഗത്തും തീപിടിത്തത്തിനുള്ള സാധ്യത ഉണ്ടായിട്ടില്ല. വാഹനത്തിലെ എസി ഭാഗത്തും ഫൊറന്‍സിക്
വിഭാഗം പ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ല. കൂടുതല്‍ പരിശോധനയ്ക്കു ശേഷമേ തീപിടിത്തത്തിനുള്ള കാരണം കണ്ടെത്താനാകൂവെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ പറയുന്നത്. തീപിടിത്ത കാരണം കണ്ടെത്താന്‍ മോട്ടര്‍വാഹന വകുപ്പും പരിശോധന നടത്തും.
വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. ചെറുവണ്ണൂര്‍ സ്വദേശി സോനയാണ് ദുരന്തത്തില്‍ മരിച്ചത്. സോന ആറു മാസം ഗര്‍ഭിണിയായിരുന്നു. സോനയെ ഡോക്ടറെ കാണിച്ച ശേഷം ഭര്‍ത്താവ് രജിന്‍ലാലിനൊപ്പം സ്വിഫറ്റ് കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പെട്ടെന്ന് വണ്ടിയില്‍ തീ പടര്‍ന്നത്. കാറില്‍നിന്ന് തീയും
പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഡ്രൈവര്‍ സീറ്റില്‍ നിന്ന് രജിന്‍ പുറത്തിറങ്ങിയെങ്കിലും പിന്‍ സീറ്റിലായിരുന്ന സോന ഡോര്‍ ലോക്ക് ആയതിനാല്‍ ഉള്ളിലകപ്പെട്ടു. പേരാമ്പ്രയില്‍നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയ ശേഷമാണ് സോനയെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. അപകടത്തില്‍ ഭര്‍ത്താവ് രജിന്‍ലാലിനു ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കാര്‍ ഓടിച്ച രജിന്‍ലാല്‍ 60 ശതമാനത്തോളം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
















