
ചെന്നൈ: തമിഴ്നാട് നിയമ സഭയിൽ വിശ്വാസവോട്ട് നേടി ജോസഫ് വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ സർക്കാർ. 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയിക്ക് ലഭിച്ചത്.
എഐഎഡിഎംകെയിലെ 25 എം.എൽ.എമാർ കൂറുമാറി വിജയിക്കൊപ്പം നിന്നു. വിശ്വാസവോട്ടെടുപ്പിൽനിന്ന് ഡിഎംകെ വിട്ടുനിന്നു. വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ 108 സീറ്റ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ട ടി.വി.കെക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം ഇല്ലായിരുന്നു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോൺഗ്രസ് അടക്കം ഡി.എം.കെ സഖ്യത്തിൽ വിജയിച്ച ഘടകകക്ഷികളുടെ പിന്തുണയോടെയാണ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ, മുസ്‌ലിം ലീഗ് എന്നീ
കക്ഷികളുടെ പിന്തുണയോടെ 120 എം.എൽ.എമാരുടെ പിന്തുണ ടി.വി.കെ ഉറപ്പാക്കിയിരുന്നു.
ഡിഎംകെക്ക് 59 സീറ്റുകളാണ് നിയമസഭയിലുള്ളത്. ഡിഎംകെ വാക്ക്ഔട്ട് നടത്തിയതോടെ 233 സീറ്റുകളിൽ 59 എണ്ണം കുറഞ്ഞു. നാല് പിഎംകെ അംഗങ്ങളും ബിജെപി അംഗവും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. എഐഎഡിഎംകെയിലെ വിമതർ വിജയിയെ പിന്തുണച്ച് വോട്ട് ചെയ്തു. എഐഡിഎംകെയുടെ ഒരു വിഭാഗത്തിന്റെ പിന്തുണ കൂടി ലഭിച്ചതോടെ വിജയിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു.
വിശ്വാസ വോട്ടെടുപ്പ് എ.ഐ.എ.ഡി.എം.കെക്കും നിർണായകമായി. പാർട്ടിയുടെ 47 എം.എൽ.എമാരിൽ 25 പേരാണ് കൂറുമാറിയത്. അതിനാൽ തന്നെ വിശ്വാസ വോട്ടെടുപ്പ്
എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിന് തിരിച്ചടിയായി. ടി.വി.കെ സർക്കാരിന് എ.ഐ.എ.ഡി.എം.കെ എംഎൽഎമാർ പിന്തുണ പ്രഖ്യാപിച്ചതോടെ പാർട്ടി പളനിസ്വാമി പക്ഷമെന്നും ഷൺമുഖം-വേലുമണി പക്ഷമെന്നും രണ്ടായി പിളർന്നു.















