
വടകര: പ്രമുഖചരിത്രകാരനും ഗവേഷകനും കേരളചരിത്രരചനയില്‍ പുതിയ ദിശാബോധം രൂപപ്പെടുത്തിയ പ്രതിഭാധനനുമായ പ്രൊഫ. എം ജി എസ് നാരായണന് അനുസ്മരണവും ചരിത്രസെമിനാറും മെയ് 14ന് വടകര ഗ്രീന്‍പാലസില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ
സമ്മേളനത്തില്‍ അറിയിച്ചു.
എംജിഎസ് ഹിസ്റ്ററി ഫൗണ്ടേഷനും മടപ്പള്ളി ഗവ. കോളേജ് ചരിത്ര വിഭാഗം പൂര്‍വവിദ്യാര്‍ഥി സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ്ചാന്‍സലറും ചരിത്രപണ്ഡിതനുമായ ഡോ. രാജന് ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് രണ്ടു മുതല്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ടി കെ വിജയരാഘവന് (പ്രസിഡണ്ട്, മടപ്പള്ളി ഗവ. കോളേജ് ചരിത്ര വിഭാഗം പൂര്‍വ വിദ്യാര്‍ഥി സംഘടന) അധ്യക്ഷത വഹിക്കും. പ്രൊഫ.: ഇ ഇസ്മയില്‍ അനുസ്മരണം നടത്തും. ഡോ: കെ. പി.അമ്മുക്കുട്ടി (സെക്രട്ടറി മടപ്പള്ളി ഗവ: കോളേജ് ചരിത്രവിഭാഗം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന) സ്വാഗതം പറയും. തുടര്‍ന്നു നടക്കുന്ന ചരിത്രസംവാദത്തില് പ്രൊഫ: പി.വേണു (പ്രസിഡന്റ് എംജിഎസ്
ഹിസ്റ്ററി ഫൗണ്ടേഷന്) മോഡറേറ്റര്‍ ആയിരിക്കും. ‘കേരളചരിത്രരചന- പ്രൊഫ. എം.ജി.എസ് പൈതൃകത്തിനും അപ്പുറം’ എന്ന വിഷയത്തില്‍ ഡോ: മനു വി ദേവദേവന് (പ്രൊഫ. ഐഐടി മാണ്ഡി, ഹിമാചല്‍പ്രദേശ്), ഡോ: കെ.എസ് മാധവന് (ചരിത്ര വിഭാഗം കാലിക്കറ്റ് സര്‍വകലാശാല), ഡോ: കെ.പി രാജേഷ് (ചരിത്ര വിഭാഗം, എന്‍എസ്എസ് കോളജ്, മഞ്ചേരി) എന്നിവര്‍ പ്രബന്ധാവതരണം നടത്തും. ചര്‍ച്ചകള്‍ക്ക് ശേഷം ഡോ. എം.സി.വസിഷ് (സെക്രട്ടറി എംജിഎസ് ഹിസ്റ്ററി ഫൗണ്ടേഷന്) നന്ദിപറയും.
വാര്‍ത്താ സമ്മേളനത്തില്‍ ടി.കെ.വിജയരാഘവന്, ഡോ. കെ.പി.അമ്മുക്കുട്ടി, കെ.കെ.ഭരതന്, എം.സി. വസിഷ്ഠ് എന്നിവര്‍ പങ്കെടുത്തു.
















