
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്. ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ്ക്കൊപ്പം ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
ദൈവ നാമത്തിലാണ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. വിജയ്ക്കൊപ്പം ഒൻപത് ടിവികെ മന്ത്രിമാരും അധികാരമേറ്റു. രാഹുൽ ഗാന്ധി, നടി തൃഷ ഉൾപ്പടെയുള്ളവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട വിജയ്‌യുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയായിരുന്നു. 108 സീറ്റ് നേടിയ ടിവികെയ്ക്ക് കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലീംലീഗ്, വിസികെ എന്നീ പാർട്ടികളുടെ പിന്തുണയിലാണ് അധികാരത്തിലേറിയത്. 59 വർഷത്തിനു ശേഷമാണ് ദ്രാവിഡ കക്ഷിയുടെ
നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരമേറുന്നത്. എൻ. ആനന്ദ്, കെ.എ. സെങ്കോട്ടയ്യൻ, കെ.ജി അരുൺരാജ്, ആധവ് അർജുന, പി. വെങ്കട്ടരമണൻ, രാജ്മോഹൻ, സി.ടി.ആർ. നിർമൽകുമാർ, ഡോ.കെ.ടി പ്രഭു, സെൽവി.എസ്. കീർത്തന എന്നിവരാണ് മന്ത്രിമാരായി അധികാരമേറ്റത്. 29 കാരിയായ സെൽവിക്ക് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയുണ്ട്.
സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്‌ക്വാഡ്
അധികാരമേറ്റ ഉടന്‍ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് തന്റെ ഭരണശൈലി വ്യക്തമാക്കി. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുന്നതിനുള്ള ഉത്തരവില്‍ അദ്ദേഹം ഒപ്പുവച്ചു. തന്റെ സര്‍ക്കാര്‍ സുതാര്യമായിരിക്കുമെന്നും ജനങ്ങളുടെ ഒരു ചില്ലിക്കാശ് താന്‍ തൊടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിയെക്കുറിച്ചുള്ള ചിന്ത ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തി
ൽ വിജയ് പറഞ്ഞു. മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും ഊന്നൽ നൽകികൊണ്ടുള്ള ഭരണമായിരിക്കും ടിവികെയുടേതെന്നും തെറ്റ് ചെയ്യുന്നവരെ വെറുതെ വിടില്ലെന്നും വിജയ് പറഞ്ഞു. ഏൽപ്പിച്ച ചുമതലയിൽ ജനങ്ങളെ നിരാശപ്പെടുത്തില്ലെന്നും ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ ഭരണം കാഴ്ചവെക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. നിങ്ങൾ എനിക്ക് വലിയൊരു ഉത്തരവാദിത്തം നൽകിയിരിക്കുന്നു. എന്നാൽ നിങ്ങൾ എനിക്ക് കുറച്ച് സമയം നൽകണമെന്ന് അഭ്യർഥിക്കുന്നു. ഞങ്ങൾ സുതാര്യമായ ഒരു സർക്കാർ ഉണ്ടാക്കും. തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം ഞാൻ കാര്യങ്ങൾ മറച്ചുവെക്കുകയോ നിങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയോ ചെയ്യില്ല. നിങ്ങൾ എന്റെ സുഹൃത്തുക്കളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















