ന്യൂഡല്‍ഹി: ഇന്ന് ഡല്‍ഹിയിലെ അവസാനവട്ട ചര്‍ച്ചകളില്‍ കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാവുക രാഹുല്‍ഗാന്ധിയുടെ നിലപാട്.
സമവായമുണ്ടായാല്‍ ഇന്നുതന്നെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായേക്കും. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനും ആലോചനയുണ്ട്. രാഹുലുമായുള്ള അടുപ്പവും എംഎല്‍എമാരുടെ പിന്തുണയും കെ.സി.വേണുഗോപാലിന് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും കേരളത്തിലെ ജനവികാരം വിലങ്ങുതടിയാണ്.
ഇന്നലെ ഡല്‍ഹി രാജാജി മാര്‍ഗിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലെത്തി നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും ഖാര്‍ഗെക്ക് റിപ്പോര്‍ട്ട് നല്‍കി. ദീപാദാസ്
മുന്‍ഷിയും എത്തിയിരുന്നു. കെ.സി.വേണുഗോപാല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നു. സാമാജികരുടെ അഭിപ്രായത്തിന് പുറമെ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിയും ഘടകകക്ഷികളുടെ അഭിപ്രായങ്ങളും നിരീക്ഷകരുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂരിപക്ഷം എംഎല്‍എമാരും കെ.സിക്ക് പിന്തുണ അറിയിച്ചെന്നാണ് വിവരം. ഘടകകക്ഷികള്‍ സതീശനു വേണ്ടി വാദിച്ചതും നിരീക്ഷകര്‍ നേതൃത്വത്തെ
ബോധ്യപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച വി.ഡി.സതീശനും രമേശ് ചെന്നിത്തലക്കും കെ.സി. വേണുഗോപാലിനും ഒപ്പം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും ഖാര്‍ഗെ കൂടിക്കാഴ്ചക്ക് വിളിപ്പിച്ചു. ഇവര്‍ വെള്ളിയാഴ്ച രാത്രി കേരള ഹൗസിലെത്തി. ഇവരുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധിയുടെ അഭിപ്രായംകൂടി തേടിയ ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെ അന്തിമ തീരുമാനമെടുക്കും.
















