ചെന്നൈ: തമിഴ്നാട്ടില്‍ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയാകും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് 120
എംഎല്‍എമാരുടെ പിന്തുണക്കത്ത് വിജയ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് കൈമാറി. ആദ്യ രണ്ട് കൂടിക്കാഴ്ചയിലും 118 എംഎല്‍എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ വിജയിനോട് തേടിയിരുന്നു. ടിവികെ-108, കോണ്‍ഗ്രസ്-5, സിപിഎം-2, സിപിഐ-2, മുസ്ലിംലീഗ്-2, വിസികെ-1 എന്നിങ്ങനെയാണ് എംഎല്‍എമാരുടെ പിന്തുണ. പിന്തുണക്കത്ത് കൈമാറിയതോടെ വിജയിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഉടന്‍ ക്ഷണിച്ചേക്കും. അങ്ങനെയെങ്കില്‍ നാളെ രാവിലെ 11 മണിക്ക് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നെഹ്റു സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ. ഗവര്‍ണറെ കണ്ടിറങ്ങിയ വിജയ് നന്ദി അറിയിക്കാനായി സിപിഎം, സിപിഐ, മുസ്ലിം ലീഗ്, വിസികെ ഓഫീസുകള്‍ സന്ദര്‍ശിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്ന് നാല് നാള് നീണ്ട അനിശ്ചിതത്വത്തിന്
ശേഷമാണ് വിജയ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായത്. കോണ്‍ഗ്രസിന് പിന്നാലെ ഇടതുപാര്‍ട്ടികളുടെയും മുസ്ലിംലീഗിന്റെയും വിസികെയുടെയും പിന്തുണ ഉറപ്പിക്കാനായതാണ് വിജയ്ക്ക് നേട്ടമായത്. ഉപാധികളില്ലാത്ത പിന്തുണയാണ് സിപിഎമ്മും സിപിഐയും പ്രഖ്യാപിച്ചത്. മന്ത്രിസഭയില്‍ ചേരില്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ വന്‍പരാജയം നേരിട്ട ബിജെപി ഗവര്‍ണറെ ഇറക്കി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഇടതുപാര്‍ട്ടികള്‍ പിന്തുണ കത്ത് കൈമാറിയത്. അതേസമയം കോണ്‍ഗ്രസും ലീഗും മന്ത്രിസഭയില്‍ ചേരുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.















