
തലശേരി: തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയോടെ വിജയിച്ച ടി.കെ. ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി. ഭാര്യ കെ.പി. രമണിക്കൊപ്പമാണ് ടികെ ഗോവിന്ദനെത്തിയത്. കോടിയേരിയുടെ ശിൽപത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തുകയും ചെയ്തു. കോടിയേരി
യുടെ കുടുംബാംഗങ്ങളുമായി ഗോവിന്ദൻ കൂടിക്കാഴ്ച്ച നടത്തി. കൂടാതെ കോടിയേരിയുടെ വീട്ടിലെ ഓർമ്മ ചിത്രങ്ങളും മ്യൂസിയവും സന്ദർശിച്ചു.
തളിപ്പറമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ പ്രതികരിക്കുകയും എതിരായി മത്സരിക്കുകയും ചെയ്ത ടി.കെ.ഗോവിന്ദനെ പാര്‍ട്ടി പുറത്താക്കിയതാണ്. കോടിയേരിയുടെ വീട്ടിലേക്കുള്ള അദ്ദേഹത്തിന്റെ ഈ സന്ദര്‍ശനം പാര്‍ട്ടി പരാജയത്തിനെതിരെ വിമര്‍ശനങ്ങളുയരുന്ന സമയത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കും. കോടിയേരിയുമായുള്ള ബന്ധത്തെ കുറിച്ചും
പാര്‍ട്ടിയിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കോടിയേരിക്കുള്ള കഴിവിനെക്കുറിച്ചും ടി കെ ഗോവിന്ദന് ഓര്‍മിച്ചു. ‘ഒരു കുടുംബം പോലെയാണ് ഞങ്ങളെല്ലാം കഴിഞ്ഞിരുന്നത്. കോടിയേരിയുമായുള്ള വൈകാരിക ബന്ധം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുമ്പോള്‍ തന്നെ എന്റെ മനസിലുണ്ടായിരുന്നത് കോടിയേരിയുടെ ചിത്രമാണ്. കോടിയേരി ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഇന്നീ പ്രശ്നങ്ങള്‍ വരില്ലായിരുന്നു. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും അമ്പലപ്പുഴയിലെയുമൊന്നും പ്രശ്നങ്ങള്‍ ഉണ്ടാകില്ലായിരുന്നു. പാര്‍ട്ടിയിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കോടിയേരിക്കുള്ള കഴിവ് വളരെ ചെറുപ്പത്തിലേ നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരാളാണ് ഞാന്‍. ഏത് പ്രതിസന്ധിയിലും കോടിയേരിയുടെ മുഖത്ത് നോക്കിയാല്‍ പ്രശ്നങ്ങള്‍ തീരും. ആ ചിരിയില്‍ പ്രശ്നങ്ങള്‍ തീരും. അതുകൊണ്ടാണ്
കോടിയേരി ഉണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും പറയുന്നത്.
അതേസമയം ടി.കെ.ഗോവിന്ദന്റെയും ഭാര്യയുടെയും സന്ദര്‍ശനം തികച്ചും വ്യക്തിപരമാണെന്ന് കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണന് പ്രതികരിച്ചു. ‘ആളുകള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു, ഹൃദയത്തില്‍ കൊണ്ടുനടക്കുന്നു. മനസില്‍ കോടിയേരിയെ കൊണ്ടുനടക്കുന്നവര്‍, എന്നെ ചേര്‍ത്ത് നിര്‍ത്തുന്നവര്‍ അവരെ ഞാന്‍ മറക്കില്ല. അതില്‍ രാഷ്ട്രീയം ഒന്നും കാണുന്നില്ല. വര്ഗവഞ്ചകന് എന്നൊന്നും ടി കെ ഗോവിന്ദനെ ഞാന്‍ വിളിക്കില്ല.അതിന്റെ ആവശ്യം എനിക്കില്ല. ആരൊക്കെ സ്നേഹത്തോടെ എന്റെ വീട്ടില്‍ വരുന്നോ അവരെയെല്ലാം സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തും.’ – വിനോദിനി പ്രതികരിച്ചു.
















