തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം എന്ന നേട്ടം മലപ്പുറം മണ്ഡലത്തില്‍ നിന്നു മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി
സ്വന്തമാക്കിയപ്പോള്‍ അര ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം നേടിയവര്‍ ഒമ്പത് പേരുണ്ട്. മലപ്പുറം മണ്ഡലത്തില്‍ 85,327 വോട്ടിന്റെ വിജയമാണ് കുഞ്ഞാലിക്കുട്ടി സ്വന്തം പേരിലെഴുതിയത്.
കുഞ്ഞാലിക്കുട്ടിക്കു പുറമേ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയവരില്‍ രണ്ടും മൂന്നും സ്ഥാനവും ലീഗ് സ്ഥാനാര്‍ഥികള്‍ക്കു തന്നെ. 63,387 വോട്ടിന്റെ ഭൂരിപക്ഷവുമായി പി.എം.എ.സമീര്‍ (തിരൂരങ്ങാടി), 62,638 വോട്ടിന്റെ ഭൂരിപക്ഷവുമായി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ (കോട്ടക്കല്‍) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
മൂവരുമടക്കം ലീഗിലെ ആറ് പേര്‍ക്കാണ് അമ്പതിനായിരത്തിനു മുകളില്‍ ഇത്തവണ ഭൂരിപക്ഷം കിട്ടിയത്. കോണ്‍ഗ്രസിലെ മൂന്ന് പേര്‍ക്കും അര ലക്ഷത്തിനു മുകളില്‍ വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. അഡ്വ. എം റഹ്‌മത്തുല്ല (മഞ്ചേരി- 57,887), ടിപി അഷ്‌റഫ് അലി
(കൊണ്ടോട്ടി-56,017), ആര്യാടന്‍ ഷൗക്കത്ത് (നിലമ്പൂര്‍-54, 851), ചാണ്ടി ഉമ്മന്‍ (പുതുപ്പള്ളി-52,907), ടിവി ഇബ്രാഹിം (വള്ളിക്കുന്ന്- 51,289), ഉമ തോമസ് (തൃക്കാക്കര-50,211) എന്നിവരാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയ മറ്റുള്ളവര്‍.
നേരത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായ കെ.കെ.ശൈലജയാണ്. മട്ടന്നൂരില്‍ 60,963 വോട്ടിനാണ് ശൈലജ ജയിച്ചു കയറിയത്. കുഞ്ഞാലിക്കുട്ടിയും സമീറും ആബിദ് ഹുസൈന്‍ തങ്ങളും ഈ റെക്കോര്‍ഡ് മറികടന്നു. ഇത്തവണ പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തില്‍ പിടിച്ചത് 1,30,666 വോട്ടാണ്. തൊട്ടടുത്ത എതിര്‍ സ്ഥാനര്‍ഥിയായ എന്‍സിപിയിലെ കെ.ടി.മുജീബ് റഹ്‌മാന്‍ നേടിയത് 45,934 വോട്ടുകളാണ്. ബിജെപി സ്ഥാനാര്‍ഥി ആശ്വതി 9.030 വോട്ടുകള്‍ നേടി.
















