
കക്കട്ടില്‍: ചുട്ടുപൊള്ളുന്ന വേനലില്‍ ഏത് ജലാശയത്തിലും ഒന്ന് നീന്തിത്തുടിക്കാന്‍ ആരും കൊതിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരക്കാരുടെ പട തന്നെയാണ് ഇപ്പോള്‍
കനാലുകളില്‍. ഒഴുകുന്ന കനാല്‍ ജലത്തില്‍ നീന്താന്‍ എത്തുന്നത് നിരവധി പേര്‍. അമ്പലക്കുളങ്ങര കൊല്ലോം പടിക്കല്‍ താഴെ കനാലില്‍ കുട്ടികളും യുവാക്കളും അടക്കം ഒട്ടേറെ പേരാണ് നീന്തിത്തുടിക്കുന്നത്. മതിമറന്ന് കുളിര് ആസ്വദിക്കുകയാണ് ഇവര്‍. രക്ഷിതാക്കള്‍ കുട്ടികളെ നീന്തല്‍ പരിശിലിപ്പിക്കുന്നതും കാണാം. ചിലര്‍ കനാലിനരികിലെ മരത്തില്‍ കയറി വെള്ളത്തിലേക്ക് ഡൈവ് ചെയ്യുന്നുമുണ്ട്.
കനാല്‍ ജലം ഒഴുകി എത്തുന്നതും നീന്താന്‍
സൗകര്യമുള്ളതുമായ മറ്റു സ്ഥലങ്ങളിലും ഇത്തരം കാഴ്ചകളുണ്ട്. കൊടും ചൂടായതിനാല്‍ മണിക്കൂറുകളോളമാണ് കുട്ടികളുടെ നീരാട്ട്. ഇവരുടെ നീന്തിത്തുടിക്കലും ബഹളവും കാണാനും ആളുകളെത്തുന്നു. ഇതോടൊപ്പം അപകടത്തിൽ ചെന്ന് ചാടാതെ നോക്കണം. കനാലിൽ
ചിലയിടങ്ങളില്‍ ശക്തമായ ഒഴുക്കും ആഴവുമുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതുണ്ടെന്ന് കനാലില്‍ ഇറങ്ങുന്നവരെ നാട്ടുകാര്‍ ഓര്‍മിപ്പിക്കുകയാണ്.
-ഇ.ആനന്ദന്‍
















