
കൊയിലാണ്ടി: നോവലിസ്റ്റും ചെറുകഥാകൃത്തും യുവകലാസാഹിതി മുന്‍ സംസ്ഥാന ഉപാധ്യക്ഷനുമായിരുന്ന മണിയൂര്‍ ഇ. ബാലന്റെ സ്മരണാര്‍ഥം യുവകലാസാഹിതി മണിയൂര്‍
ഇ. ബാലന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ‘ഗെയിം പ്ലാന്‍’ എന്ന ചെറുകഥാസമാഹാരത്തിന്റെ രചയിതാവ് ഡോ. വത്സലന്‍ വാതുശ്ശേരിയെ തെരഞ്ഞെടുത്തു. കഥാകൃത്തും നോവലിസ്റ്റും നിരൂപകനും അധ്യാപകനും ഗവേഷകനും തിരക്കഥാകൃത്തുമാണ് ഡോ. വത്സലന്‍ വാതുശ്ശേരി. അലിഗഡ് മുസ്ലിം സര്‍വ്വകലാശാല, മയ്യഴി ഗവണ്‍മെന്റ് കോളജ്, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല
എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു വത്സലന്‍ വാതുശ്ശേരി. പുതിയ കാലത്തിന്റെ അനുഭവങ്ങളും സംഘര്‍ഷങ്ങളും കൈയടക്കത്തോടെ ആവിഷ്‌കരിച്ച പത്ത് ചെറുകഥകളുടെ സമാഹാരമാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഗെയിം പ്ലാന്‍.
11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മെയ് ഒമ്പതിന് തിക്കോടിയില്‍ നടക്കുന്ന മണിയൂര്‍ ഇ. ബാലന്‍ അനുസ്മരണ പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും. സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
















