തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നാദാപുരം, വടകര മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫിനു വോട്ടു മറിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. യു
ഡിഎഫ് ഉന്നയിച്ച ബിജെപി ഡീലിന്റെ നിജസ്ഥിതി ഇപ്പോഴാണു പുറത്തു വന്നത്. വോട്ടു മറിച്ച ചില പ്രാദേശിക ബിജെപി നേതാക്കളെ അവർ പുറത്താക്കിയിട്ടുണ്ട്. പഴയ കോലീബി സഖ്യത്തിന്റെ അതേ പാതയിലാണു ബിജെപി-കോണ്ഗ്രസ് ഡീൽ നടന്നത്. ഇതിനു പിന്നിൽ ഷാഫി പറമ്പിലും പാറയ്ക്കൽ അബ്ദുള്ളയുമാണെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. വോട്ട് എണ്ണിക്കഴിയുമ്പോൾ കൂടുതൽ കാര്യങ്ങൾ പുറത്ത് വരും.
നേരത്തെ കോഴിക്കോട് ജില്ലയിലെ വടകര പാർലമെന്റിലാണ് കോലീബി സഖ്യം ഉണ്ടായത്. ആ സഖ്യത്തെ പരാജയപ്പെടുത്തിയാണ്
അന്ന് എൽഡിഎഫ് സ്ഥാനാർഥികൾ ജയിച്ചത്. അതേ മണ്ണിലാണ് ഇത്തരമൊരു കൂട്ടു കെട്ട് വീണ്ടും ഉയരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ എൽഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും. ഇപ്പോൾ ചില മാധ്യമങ്ങളും യുഡിഎഫും പ്രചരിപ്പിക്കുന്ന യുഡിഎഫ് ഭരണം ഉണ്ടാകില്ലെന്നും അധികാരത്തിനായി അവർക്കിടയിൽ തുടരുന്ന തർക്കങ്ങൾ മെയ് നാല് വരെ മാത്രമേ ഉണ്ടാകൂ എന്നും എം വി ഗോവിന്ദൻ കൂട്ടിചേർത്തു.
















