
വില്യാപ്പള്ളി: നരവംശ ശാസ്ത്ര (ആന്ത്രോപോളജി) ഗവേഷണ രംഗത്തെ ആഗോള അംഗീകാരമായ വെന്നര്‍-ഗ്രെന്‍ ഫൗണ്ടേഷന്റെ ഗ്രാന്റിന് വില്യാപ്പള്ളി സ്വദേശിനി
അര്‍ഹയായി. ഹരിയാനയിലെ അശോക സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിനിയായ കെ.ബെന്ന ഫാത്തിമക്കാണ് ഈ അംഗീകാരം. പിഎച്ച്ഡി ഡിസര്ട്ടേഷന് ഫീല്‍ഡ് വര്‍ക്കിനായി 25,000 ഡോളര്‍ (ഏകദേശം 20 ലക്ഷത്തിലധികം രൂപ) സ്കോളര്‍ഷിപ്പായാണ് അനുവദിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്കിടയില്‍ അതീവ മത്സരാധിഷ്ഠിതമായി നല്‍കുന്നതാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള വെന്നര്‍-ഗ്രെന്‍ ഫൗണ്ടേഷന്റെ ഗ്രാന്റ്. ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ ജീവിതത്തിന്റെയും
മരണത്തിന്റെയും നൈതികതയെ ആസ്പദമാക്കിയുള്ള പഠനത്തിനാണ് ഗ്രാന്റ് ലഭിച്ചിരിക്കുന്നത്.
അക്കാദമിക് രംഗത്തെ ശ്രദ്ധേയ നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ഈ അംഗീകാരത്തിന് അര്‍ഹയായ ബെന്ന ഫാത്തിമ നാടിന്റെ അഭിമാനമായി. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ തട്ടാന്കുനിയിലിന്റെയും മുന്‍ സംസ്ഥാന വോളിബോള്‍ താരം സി.സി. അബ്ബാസിന്റെയും മകളാണ് ബെന്ന ഫാത്തിമ. സാമൂഹ്യശാസ്ത്ര-ആന്ത്രോപോളജി മേഖലകളില്‍ നടത്തുന്ന ബെന്ന ഫാത്തിമയുടെ പഠനങ്ങള്‍ക്ക് വലിയ ഊര്‍ജം നല്‍കുന്നതാണ് ഈ രാജ്യാന്തര സഹായം. ഗവേഷണത്തിനാവശ്യമായ വിപുലമായ ഫീല്‍ഡ് പഠനങ്ങള്‍ക്കും വിവരശേഖരണത്തിനുമായി ഈ ഗ്രാന്റ് വിനിയോഗിക്കും..
















