തിരുവനന്തപുരം: കോളജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച കണ്ണൂർ ഡെന്‍റൽ കോളജ് വിദ്യാർഥി ആർ.എൽ. നിതിൻ രാജിന്‍റെ മാതാപിതാക്കളെ സന്ദർശിച്ച് രമേശ് ചെന്നിത്തല.
നിതിൻ രാജിന്‍റെ മരണത്തെക്കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്നും ജാതി വിവേചനം കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
വിഷുവിന്‍റെയൊക്കെ അവധിയായതുകൊണ്ട് തങ്ങളുടെ മകൻ വീട്ടിലേക്ക് വരുമെന്ന് കരുതി കാത്തിരുന്ന അച്ഛനും അമ്മയ്ക്കും കാണാൻ കഴിഞ്ഞത് അവന്‍റെ ചേതനയറ്റ ശരീരമാണ്. എന്ത് ക്രൂരതയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇത് ആത്മഹത്യയാണോ എന്ന് പോലും വീട്ടുകാർക്ക് സംശയം ഉണ്ട്. അപ്പോൾ വിശദമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ
കാര്യങ്ങൾ പുറത്തുവരികയുള്ളൂവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കേരളത്തിലെ ഒരു കോളജിൽ ഇങ്ങനെ ജാതി അധിക്ഷേപം നടക്കുന്നു എന്ന് പറയുന്നത് തന്നെ എത്രമാത്രം അപമാനകരമായ ഒരു സംഭവമാണ്. ഇതിലെ യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ആരും രക്ഷപ്പെടാൻ പാടില്ല. തന്നെയുമല്ല ഈ കുട്ടിയുടെ മൃതദേഹം വീട്ടിൽ കൊണ്ടു വന്നപ്പോൾ ആ കോളജിൽ നിന്ന് ആരും വന്നില്ല.
മാനേജ്‌മെന്‍റിന്‍റെ ഭാഗത്തുനിന്ന് ആരും വന്നില്ല. അഞ്ചരക്കണ്ടി മെഡിക്കൽ കോളജിന് തങ്ങളുടെ വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ട് ഒന്നും പറയാനില്ലന്ന് പറയുന്നത് എത്ര ക്രൂരമാണന്നും ചെന്നിത്തല പറഞ്ഞു.
















