
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂര്‍ എസിപി
ആര്‍. ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.എ.ഫക്രുദ്ദീന്‍, എസ്‌ഐ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍, കണ്ണൂര്‍ സിറ്റി സൈബര്‍ സെല്‍ എന്നിവരുള്‍പ്പെട്ട ഏഴംഗ സംഘമാണ് അന്വേഷിക്കുക. ദന്തല്‍ കോളജില്‍ അധ്യാപകരില്‍ നിന്നടക്കം കടുത്ത ജാതി അധിക്ഷേപമടക്കം നിതിന്‍ നേരിട്ടിരുന്നെന്ന
വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കിയത്.
മരണത്തില്‍ ആരോപണ വിധേയരായ അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ റാം, അസോ. പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ പ്രതികളാക്കി കേസെടുത്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. എസ്‌സി എസ്ടി അതിക്രമ നിരോധന വകുപ്പും ഇവര്‍ക്കെതിരെ എടുത്തിട്ടുണ്ട്. ആരോപണവിധേയരായ അധ്യാപകരെ അധികൃതര്‍
അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് കോളജ് മാനേജ്മെന്റ് അറിയിച്ചു. അധ്യാപകര്‍ക്കോ സഹപാഠികള്‍ക്കോ എതിരെ നിതിന്‍ മുന്‍പ് പരാതികളൊന്നും നല്‍കിയിട്ടില്ലെന്നു പ്രിന്‍സിപ്പള്‍ പറഞ്ഞു.
സാമ്പത്തിക പ്രശ്‌നവും മരണ കാരണമായിട്ടുണ്ടെന്നു സംശയിക്കുന്നതായി പോലീസ് വെളിപ്പെടുത്തി. നിതിന്‍ രാജ് ലോണ്‍ ആപ്പില്‍ നിന്നു കടം എടുത്തിരുന്നു. ഇക്കാര്യം അന്വേഷണത്തില്‍ തെളിഞ്ഞുവെന്ന് പോലീസ് വ്യക്തമാക്കി. നിതിന്‍ രാജിന്റെ
കോണ്‍ടാക്ടിലുള്ള രണ്ടു പേരുടെ നമ്പര്‍ ലോണ്‍ ആപ്പ് കമ്പനി കൈവശപ്പെടുത്തിയിരുന്നു. കോളജിലെ അധ്യാപികയുടെയും മറ്റൊരു വിദ്യാര്‍ഥിയുടെയും ഫോണ്‍ നമ്പറാണ് ഇവര്‍ കൈവശപ്പെടുത്തിയത്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ അടയ്ക്കാന്‍ അധ്യാപികക്ക് നിരന്തരം ശല്യമായി കോള്‍ വന്നു. ഇതില്‍ പോലീസില്‍ പരാതി ഉണ്ടായിരുന്നു. വിദ്യാര്‍ഥിയുടെ മരണത്തിലേക്ക് നയിച്ച എല്ലാ കാര്യങ്ങളും എസ്‌ഐടി വിശദമായി അന്വേഷിക്കുമെന്നു സിറ്റി പോലിസ് കമ്മീഷണര്‍ പി.നിഥിന്‍ രാജ് അറിയിച്ചു.
















