
കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വീട്ടിനുള്ളിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. ശനിയാഴ്ച രാത്രി പടക്ക നിർമാണത്തിനിടെയാണ്
സ്ഫോടനമുണ്ടായതെന്നാണ് വിവരം. രാമനാട്ടുകര സ്വദേശി രാഹുല്‍ (26), വീട് വാടകയ്ക്ക് എടുത്ത വിഷ്ണു എന്നയാളുടെ സഹോദരൻ രാഹുൽ (27) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ അഞ്ച് പേരാണ് വീട്ടിലുണ്ടായിരുന്നത്. വിഷ്ണുവും ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വീടിനകത്ത്
ഉണ്ടായിരുന്ന രണ്ടു പേർക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്ന് വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. വീടിന് സ്ഫോടനത്തിൽ കേടുപാടുണ്ടായി.
അഞ്ചു മാസമായി ഇവിടെ വാടകക്ക് താമസിച്ച് വരികയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടതെന്നാണ്
നാട്ടുകാർ പറയുന്നത്. സംഭവസ്ഥലത്തുനിന്ന് ഓലപ്പടക്കത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വീട്ടിനുള്ളിൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നതായും സംശയിക്കുന്നുണ്ട്. വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിർമാണം നടത്തുകയായിരുന്നു എന്നാണ് വിവരം. ഉഗ്രശബ്ദത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.
















