മാനന്തവാടി: ബാവലി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കൊയിലാണ്ടി സ്വദേശി ഷംസീറിന്റെ
മകന്‍ അദ്‌നാന്‍ (17), കുന്ദമംഗലം പതിമംഗലം അഷ്‌റഫിന്റെ മകന്‍ ആഷിഖ് (15) എന്നിവരാണ് മരിച്ചത്. കൊടുവള്ളി മസ്ജിദുള്‍ സുന്ന ദര്‍സിലെ വിദ്യാര്‍ഥികളാണ് ഇരുവരും. രണ്ട് ദിവസം മുമ്പ് ദര്‍സില്‍ നിന്നു വിനോദയാത്ര പോയ ഇവരടങ്ങിയ സംഘം മൈസൂരില്‍ നിന്നു മടങ്ങുന്നതിനിടയില്‍ ബാവലി മഖാം സന്ദര്‍ശിക്കുകയുണ്ടായി. ഇന്നു രാവിലെ സമീപത്തെ ബാവലി പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഇവരുടെ സുഹൃത്ത് വെള്ളത്തില്‍ മുങ്ങിപ്പോയപ്പോള്‍ നീന്തലറിയാവുന്ന അദ്‌നാനും ആഷിഖും
രക്ഷിക്കാന്‍ ചാടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികള്‍ പറഞ്ഞു. സുഹൃത്തിനെ രക്ഷപ്പെടുത്തിയെങ്കിലും ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്ത് വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വയനാട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
















