വടകര: ചോറോട് പഞ്ചായത്തിലെ വള്ളിക്കാട് പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നികളുടെ
വിഹാരകേന്ദ്രമായിരിക്കുകയാണ് ഇവിടം. വന്‍തോതില്‍ കൃഷി നശിപ്പിക്കുകയാണ്. ഇതിനു പുറമെയാണ് പന്നികള്‍ ജനങ്ങള്‍ക്കു നേരെ തിരുയുന്നത്. ജീവനു ഭീഷണിയായി മാറിയ കാട്ടുപന്നികളെ നിയമപരമായി വെടിവെച്ചു കൊല്ലാന്‍ ചോറോട് പഞ്ചായത്ത് ഉത്തരവിറക്കി. ഉള്യേരി സ്വദേശി സുരേന്ദ്രനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് തോക്ക് പോലീസ് സ്‌റ്റേഷനില്‍ ഏല്‍പിച്ചതിനാല്‍ വെടിവെക്കാന്‍ നിര്‍വാഹമില്ലാത്ത സ്ഥിതി. കഴിഞ്ഞ ദിവസം വള്ളിക്കാട് പുഞ്ചപ്പാലത്തിന് സമീപം പട്ടാപ്പകല്‍ കാട്ടുപന്നി ഒരു ബൈക്കിന് കുറുകെ ചാടി വീട്ടമ്മക്കും മകള്‍ക്കും പരിക്കേറ്റ സംഭവമുണ്ടായി. ബൈക്ക് യാത്രക്കാര്‍ക്കും വഴി യാത്രക്കാരായ സ്‌കൂള്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ കാട്ടുപന്നികള്‍ ഒരുപോലെ ഭീഷണിയാവുകയാണ്. കാട്ടുപന്നികളെ തുരത്താന്‍ പഞ്ചായത്ത് അധികാരികള്‍ ഇടപെടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയിരുന്നു. വെടിവെച്ചു കൊല്ലാന്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരും.















