
ടെഹ്റാന്‍: ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ ഇറാനില്‍ 201 പേര്‍ കൊല്ലപ്പെട്ടതായും 747 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ഇറാനിയന്‍ റെഡ് ക്രസന്റ്
സൊസൈറ്റിയുടെ വക്താവ് മെഹറിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇറാനിലെ 24 പ്രവിശ്യകളില്‍ യുഎസ്, ഇസ്രയേലി ആക്രമണങ്ങള്‍ നടന്നതായും മെഹര്‍ വ്യക്തമാക്കി. 220 ലധികം റെഡ് ക്രസന്റ് അംഗങ്ങള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ ഉണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും വക്താവ് പറഞ്ഞു.
ഇറാനിലെ സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 85 പേരാണ് മരിച്ചത്. ആക്രമണം നടക്കുമ്പോള്‍ സ്‌കൂളില്‍ 170 വിദ്യാര്‍ത്ഥികളായിരുന്നു
ഉണ്ടായിരുന്നത്. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളിലായിരുന്നു ഇസ്രയേല്‍ ആക്രമണം നടന്നത്.
ടെഹ്റാനില്‍, ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ ഔദ്യോഗിക ഓഫീസിന് സമീപത്താണ് ആദ്യത്തെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ രാജ്യവ്യാപകമായി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പലമേഖലകളില്‍ നിന്നും പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.
















