
വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഷാഫി പറമ്പില്‍ എംപി നടത്തിയ
ഇടപെടലുകളുടെ ഫലമായി നടപടിയുണ്ടാവുന്നു. അയനിക്കാട്, വടകര ഫയര്‍ സ്റ്റേഷന്‍ ജംഗ്ഷന്‍, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളില്‍ അണ്ടര്‍പാസുകള്‍ നിര്‍മിക്കാനുള്ള സാധ്യത തെളിഞ്ഞു. ഇതോടൊപ്പം വടകര ടൗണില്‍ മണ്ണിട്ടുയര്‍ത്തുന്ന ആര്‍ഇ വാളുകള്‍ പരമാവധി ഒഴിവാക്കണമെന്ന നിര്‍ദേശത്തിന്റെ ഭാഗമായി ടൗണ്‍ പരിധിയില്‍ ഉയരപ്പാത നിര്‍മിക്കാനുള്ള കാര്യവും സജീവ പരിഗണനയിലാണെന്ന് എംപിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ മാസം 21ന് ഷാഫി പറമ്പില്‍ എംപിയും എന്‍എച്ച്എഐ ഉന്നത ഉദ്യോഗസ്ഥരും ദേശീയപാതയുടെ അഴിയൂര്‍-വെങ്ങളം റീച്ചില്‍ നേരിട്ട് സന്ദര്‍ശനം നടത്തി നിര്‍മാണ പ്രവര്‍ത്തനം വിലയിരുത്തിയിരുന്നു. ഈ സന്ദര്‍ശന വേളയില്‍ എംപി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും പിന്നീട് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സാങ്കേതിക സമിതിയുടെ പരിശോധനാ റിപ്പോര്‍ട്ടും ചര്‍ച്ചകളും അടിസ്ഥാനമാക്കി എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പുതിയ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്‍എച്ച്എഐ ഉന്നതതലത്തില്‍ അംഗീകരിച്ച ഈ നിര്‍ദേശങ്ങള്‍ക്ക് മന്ത്രിതലത്തിലുള്ള
അനുമതി ലഭിച്ചാലുടന്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം മടപ്പള്ളി കേളു ബസാറിലെ യാത്രാ സൗകര്യത്തിനായുള്ള അണ്ടര്‍പാസ് നിര്‍മാണം സംബന്ധിച്ച നിര്‍ദേശം സാമ്പത്തിക വശങ്ങള്‍ കൂടി പരിശോധിച്ച് പരിഗണിക്കുമെന്ന് എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ചോറോട് മേല്‍പ്പാലത്തിന് സമീപം അനുഭവപ്പെടുന്ന യാത്രാ ക്ലേശത്തിന് പരിഹാരമായി റാമ്പ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്, പ്രൊജക്ട് ഡയറക്ടറേറ്റില്‍ തന്നെ തീരുമാനങ്ങളും നടപടികളും സ്വീകരിക്കും. കാല്‍നട യാത്രക്കാര്‍ വലിയ തോതില്‍ ദേശീയപാത മുറിച്ചുകടക്കാന്‍ ഉപയോഗിച്ചിരുന്ന പ്രധാന കേന്ദ്രങ്ങളില്‍ ലിഫ്റ്റ് സംവിധാനം ഉള്‍പ്പെടെയുള്ള ഫുട് ഓവര്‍ബ്രിഡ്ജുകള്‍ നിര്‍മിക്കാനുള്ള നിര്‍ദേശവും സജീവ പരിഗണനയിലുണ്ട്.















