
വടകര: കാര്‍ത്തികപ്പള്ളിയില്‍ 30 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന അര്‍പ്പണ വിജ്ഞാനവേദി ഗ്രന്ഥാലയത്തിന് സ്വന്തം കെട്ടിടമായി. ഇതിന്റെ ഉദ്ഘാടനം നാളെ (വെള്ളി) വൈകുന്നേരം
നാലരക്ക്
മുന്‍ എംപി കെ.മുരളീധരന്‍ നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.കെ.രമ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപി മുഖ്യാതിഥിയാവും. പ്രശസ്ത കഥാകാരന്‍ സുഭാഷ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.
2019-24 കാലയളവില്‍ എംപിയായിരുന്ന കെ. മുരളിധരന്‍ അദ്ദേഹത്തിന്റെ
പ്രാദേശികവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് ലൈബ്രറി ഹാള്‍, റീഡിംഗ് റൂം, റഫറന്‍സ് കോര്‍ണര്‍, ഓഫീസ് എന്നീ സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം യാഥര്‍ഥ്യമാക്കിയത്. ഇതോടൊപ്പം ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ സ്വരൂപിച്ച 12 ലക്ഷം ചെലവഴിച്ച് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ മിനി ഓഡിറ്റോറിയവും പണിതിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ഗ്രന്ഥാശാലാ സംഘം ഭാരവാഹികളും പങ്കെടുക്കും. അന്ന് രാവിലെ 10 മുതല്‍ നടക്കുന്ന വിവിധ സെഷനുകള്‍ പി.ഹരിന്ദ്രനാഥ്, രാജന്‍ ചെറുവാട്ട്, ഒഞ്ചിയം പ്രഭാകരന്‍, എ.പി.ബാബു,
പി.കെ.രാജന്‍ തുടങ്ങിയവര്‍ നയിക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം സ്‌കൂള്‍ കലോത്സവ ജേതാവ് ഉത്തര മനോജിന്റെ ഏകാഭിനയവും സബര്‍മതി തിയേറ്റര്‍ വില്ലേജിന്റെ ‘കോയിക്കോടന്‍ ഹല്‍വ’ നാടകവും അരങ്ങേറും. ഏഴായിരത്തോളം പുസ്തകങ്ങളുള്ള ഈ ഗ്രന്ഥാലയം ഈ പ്രദേശത്തെ വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവരുടെ ആശ്രയമാണ്. ഏറ്റവും പുതിയ പുസ്തകങ്ങളും ഇവിടെയുണ്ട്. എണ്ണൂറോളം പേര്‍ അംഗങ്ങളാണ്.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ രമ്യത ശ്രീജിത്ത്, സുരേഷ്ബാബു പാറക്കല്‍, കെ.കെ.കുമാരന്‍, കെ.ടി.മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
















