
വടകര: കുറ്റ്യാടി മണ്ഡലത്തില് വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങള് കേവലം രാഷ്ട്രീയ നാടകങ്ങളായി മാറുന്നുവെന്ന ആരോപണവുമായി മണിയൂര് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി രംഗത്ത്. ഫെബ്രുവരി 26-ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്ലൈനായി ഉദ്ഘാടനം
ചെയ്യുന്ന മാങ്ങമുഴി പാലത്തിന്റെ ചടങ്ങുകളില് മണിയൂര് പഞ്ചായത്തിനോട് കാണിക്കുന്ന അവഗണനയും പണി പൂര്ത്തിയാകാത്ത പദ്ധതികളുടെ ഉദ്ഘാടനങ്ങളുമാണ് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നതെന്ന് നേതാക്കള് വാര്ത്താസമ്മേളനത്തില് പറഞ്ഞു. മണിയൂര്, തിരുവള്ളൂര് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാങ്ങമുഴി പാലത്തിന്റെ തറക്കല്ലിടല് ചടങ്ങ് നടന്നത് അന്ന് എല്ഡിഎഫ് ഭരിക്കുന്ന മണിയൂര് പഞ്ചായത്തിലായിരുന്നു. എന്നാല് ഇപ്പോള് ഉദ്ഘാടന ചടങ്ങുകള് എല്ഡിഎഫ്
പ്രസിഡന്റുള്ള തിരുവള്ളൂര് പഞ്ചായത്തിലേക്ക് കേന്ദ്രീകരിക്കുന്നത് ബോധപൂര്വമായ രാഷ്ട്രീയ നീക്കമാണെന്ന് ഇവര് കുറ്റപ്പെടുത്തി. ഗുണഭോക്താക്കളില് വലിയൊരു പങ്കുള്ള മണിയൂര് പഞ്ചായത്തിനെ ഒഴിവാക്കുന്നത് വിവേചനമാണെന്ന് നേതാക്കള് പറഞ്ഞു.
മണിയൂര് പഞ്ചായത്തില് ഉദ്ഘാടനം ചെയ്ത ടെയ്ക്ക് എ ബ്രേക്ക് പണി പൂര്ത്തിയാകാതെയാണ് ഉദ്ഘാടനം ചെയ്തത്. ചൊവ്വാപ്പുഴ ടൂറിസ്റ്റ് പദ്ധതി, സ്റ്റേഡിയം നിര്മാണം എന്നിവ തുടങ്ങാന് ആവശ്യമായ നടപടിക്രമങ്ങള് പൂര്ത്തീകരിച്ചിട്ടില്ല. തോടന്നൂര് എഇഒ ഓഫീസ്
കെട്ടിടത്തിന്റെ മുകള്ഭാഗത്തെ പ്ലാസ്റ്ററിംഗ് കഴിഞ്ഞിട്ടില്ല. ഇപ്പോഴും പഴയ കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. മണിയൂര് ഐടിഐ വെള്ളവും ചുറ്റ് മതിലും ഇല്ലാത്തത് കാരണം പുതിയ കെട്ടിടത്തിലേക്ക് എന്ന് മാറുമെന്ന് വ്യക്തമല്ല. ഇത്തരം ഉദ്ഘാടന പ്രഹസനത്തിനും മണിയൂര് മാങ്ങാമുഴി പാലം ഉദ്ഘാടനത്തില് മണിയൂരിനെ അവഗണിച്ചതിനും എതിരെ 26-ാം തിയ്യതി വ്യാഴാഴ്ച രാവിലെ 10ന് മാങ്ങാമൂഴി പാലം പരിസരത്ത് പ്രതിഷേധ കൂട്ടായ്മ നടക്കുമെന്ന് നേതാക്കള് അറിയിച്ചു. വാര്ത്താസമ്മേളനത്തില് യുഡിഎഫ് പഞ്ചായത്ത് ചെയര്മാന് പി.എം.കണാരന്, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ചാലില് അഷറഫ്, ശ്രീനിവാസന് തുടങ്ങിയവര് പങ്കെടുത്തു.
















