
കൊച്ചി: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ വീട്ടമ്മയെ തുടര്‍ചികിത്സക്കായി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയാ തീയതി ഇന്നു തീരുമാനിക്കും. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍
എംപി ഇടപെട്ടാണ് ഉഷയുടെ തുടര്‍ചികിത്സക്കായി സൗകര്യം ഒരുക്കിയത്. അമൃതയിലെത്തിച്ച ഉഷയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ പരിശോധനക്ക് ശേഷം തുടര്‍ചികിത്സയെ കുറിച്ചും കത്രിക നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ചെയ്യുന്നതിനെ കുറിച്ചും തീരുമാനമെടുക്കും. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി 2021 മെയ് 10നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടന്നത്. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം നിരന്തരമായി വയറു വേദനയും രക്തസ്രാവം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം വയറു വേദനക്കുള്ള മരുന്ന് കഴിക്കുകയും ചെയ്തിരുന്നു. പിന്നീട് വേദന കാരണം മെഡിക്കല്‍ കോളജില്‍ ചികിത്സ
തേടിയപ്പോള്‍ മൂത്രകല്ലാണെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നുവെന്ന് ഉഷ പറഞ്ഞു. ശേഷം സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്.
വയറ്റില്‍ കത്രിക കണ്ടെത്തിയതിന് പിന്നാലെ തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുക്കാമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും ശസ്ത്രക്രിയക്കായി വണ്ടാനത്തേക്ക് പോകാന്‍ ഭയമെന്നാണ് ചികിത്സാപിഴവിന് ഇരയായ ഉഷ പറയുന്നത്. സംഭവത്തില്‍ പരാതി നല്‍കുമെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. സംഭവത്തില്‍ ഗുരുതര അനാസ്ഥയെന്ന് എച്ച്.സലാം എം.എല്‍ .എ പറഞ്ഞു. ആരോഗ്യമേഖലയിലെ അനാസ്ഥകള്‍ തുടര്‍ക്കഥയായിട്ടും ആവശ്യമായ നടപടിയെടുക്കാത്ത ആരോഗ്യവകുപ്പിനെതിരെ വ്യാപക ?പ്രതിഷേധം ഉയരുന്നുണ്ട്.
















