വടകര: ചോറോട് ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ പാലിയേറ്റീവ് രോഗികള്‍ക്കായി സംഘടിപ്പിച്ച ഉല്ലാസയാത്ര വേറിട്ട അനുഭവമായി. അപകടങ്ങളില്‍ പെട്ടവര്‍, മാരക രോഗങ്ങള്‍ പിടിപെട്ടവര്‍, പ്രായമായവര്‍
അങ്ങിനെ വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയാന്‍ വിധിക്കപ്പെട്ടവരെ ചേര്‍ത്ത് പിടിച്ച് യാത്ര സംഘടിപ്പിക്കുകയായിരുന്നു പഞ്ചായത്ത്. വേദന മറന്ന് അവര്‍ പുഴയിലൂടെയുള്ള ബോട്ട് യാത്ര ശരിക്കും ആസ്വദിച്ചു. 2025-26 വാര്‍ഷിക പദ്ധതിയില്‍ പാലിയേറ്റീവ് കുടുംബ സംഗമത്തിന്റെ ഭാഗമായി കിടപ്പ് രോഗികളുമായി അകലാ പുഴയിലായിരുന്നു മനസില്‍ ഉല്ലാസം പകര്‍ന്ന ബോട്ട് യാത്ര. രോഗികള്‍, കൂട്ടിരിപ്പുകാര്‍ ആശാവര്‍ക്കര്‍മാര്‍, വളണ്ടിയേഴ്‌സ്, ജനപ്രതിനിധികള്‍ എന്നിങ്ങനെ 80ല്‍പ്പരം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. രോഗികളെ വീട്ടില്‍ നിന്ന് അകലാപുഴയിലേക്കും തിരികെയും എത്തിക്കുന്നതിനായി ഇരുപത് കാറുകള്‍ സ്‌പോണ്‍സറായി ലഭിച്ചു. ചായയും പഴങ്ങളും ഭക്ഷണവുമൊക്കെ ബോട്ടില്‍
പ്രത്യേക സൗകര്യം ഒരുക്കി. ഒപ്പന, പാട്ടുകള്‍, ഡാന്‍സ് എന്നിവയൊക്കെയായി വൈകുന്നേരം വരെ സന്തോഷത്തിന്റെ മണിക്കൂറുകള്‍ ആയിരുന്നു. പങ്കെടുത്തവര്‍ക്ക് സമ്മാനവും നല്‍കി. മാങ്ങോട്ട് പാറയില്‍ നിന്നു യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് ഫ്‌ലാഗ് ഓഫ് ചെയ്തു. പാലിയേറ്റീവ് കുടുംബ സംഗമം പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജിതാ വിനോദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.വി.അനുശ്രീ, സി.കെ.സജിതകുമാരി, കെ.പി.ചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ കെ.ഗോപാലകൃഷ്ണന്‍, കെ.അഷ്‌കര്‍, സി.പി.പ്രിയങ്ക, കണ്‍വിനര്‍ കെ.കെ.രാമചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചോറോട് കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിജുനേഷ്.എസ്.എന്‍ സ്വാഗതവും പാലിയേറ്റിവ് നഴ്‌സ് കെ.വി.സജിന നന്ദിയും പറഞ്ഞു.















