തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കനത്ത മഴ തുടരുന്നു. പലയിടത്തും ഉരുള്‍ പൊട്ടി
ആള്‍ നാശവും കൃഷി നാശവും ഉണ്ടായതിനു പുറമെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നത് മറ്റൊരു ഭീഷണിയായി. നെയ്യാര്‍ ഡാമിലെ ജലനിരപ്പ് മൂന്നാമത്തെ മുന്നറിയിപ്പ് നില കഴിഞ്ഞതിനാല്‍ ഡാമിന്റെ 4 ഷട്ടറുകളും ഇന്ന് രാവിലെ 7.30ന് 20 സെന്റിമീറ്റര്‍ വീതം (ആകെ 80 സെന്റിമീറ്റര്‍) ഉയര്‍ത്തും. ഡാമിന്റെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അനു കുമാരി അറിയിച്ചു.
അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡാമിന്റെ 2 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ ഇന്ന് രാവിലെ 6.30ന് 40 സെന്റിമീറ്റര്‍ വീതം (കഴിഞ്ഞ ദിവസം
ഉയര്‍ത്തിയ 40 സെന്റിമീറ്റര്‍ ഉള്‍പ്പെടെ ആകെ 200 സെന്റിമീറ്റര്‍) ഉയര്‍ത്തും. ഡാമിന്റെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
പാലക്കാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ മംഗലം ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്ത സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
















