
പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നലെ മുതൽ പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടി. ഇടുക്കിയിലും കോട്ടയത്തും ഉ
ണ്ടായ ഉരുൾപൊട്ടലുകളിൽ മൂന്ന് പേർ മരിച്ചു. ഇടുക്കിയിൽ രണ്ട് മരണങ്ങളും കോട്ടയത്ത് ഒരു മരണവുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കോട്ടയം പൂഞ്ഞാറിൽ രണ്ടുപേരെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടരുകയാണ്.
ഇടുക്കി തൊടുപുഴ കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. പുലർച്ചെ രണ്ടോടെയാണ് സംഭവം. ശക്തമായ മലവെള്ളപ്പാച്ചിലിൽ സുമതിയുടെ വീട് പൂർണ്ണമായും ഒലിച്ചുപോവുകയും മണ്ണിനടിയിൽപ്പെടുകയും ചെയ്തു.
അപകടസമയത്ത് ഭർത്താവ് രവിയും മകൻ രതീഷും വീട്ടിലുണ്ടായിരുന്നുവെങ്കിലും അത്ഭുത
കരമായി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. ഇടുക്കി വാഗമണ്ണിലുണ്ടായ മണ്ണിടിച്ചിലിൽ വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു. വീടിനു മുകളിലേക്ക്മണ്ണും പാറയും ഇടിഞ്ഞുവീഴുകയായിരുന്നു.
കോട്ടയം ജില്ലയിലും മഴക്കെടുതി രൂക്ഷമാണ്. ജില്ലയുടെ വിവിധ മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, കൊക്കയാർ, മൂന്നിലവ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. പൂഞ്ഞാറിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു കുടുംബത്തെ കാണാതായി. ഇതിൽ ജോസഫിൻ ജോണി എന്നയാളുടെ മൃതദേഹം കണ്ടെത്തി. വിവിധയിടങ്ങളിലായി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പൂരോഗമിക്കുകയാണ്.
















