വടകര: മണ്ഡലത്തില്‍ വികസനങ്ങള്‍ നടന്നില്ലെന്ന സിപിഎം നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കെ.കെ.രമ
എംഎല്‍എ. വടകര നഗരസഭ പരിധിയെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് തഴഞ്ഞതായും പുറങ്കര രക്തസാക്ഷി മണ്ഡപം സംരക്ഷിക്കാതെ കടല്‍ ഭിത്തി നിര്‍മിക്കുന്നു എന്നുമുള്ള സിപിഎം ആരോപണങ്ങള്‍ വസ്തുത പരിശോധിക്കാതെ നടത്തുന്ന കഴമ്പില്ലാത്ത പ്രചരണങ്ങള്‍ മാത്രമാണെന്നും ഇത് ജനം തള്ളിക്കളയുമെന്നും എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തിന്റെ തുടക്കത്തില്‍ കോവിഡ് മഹാമാരി കാലത്ത് എംഎല്‍എ ഫണ്ടോ പ്ലാന്‍ ഫണ്ടോ ഉണ്ടായിരുന്നില്ല. പിന്നീടുള്ള മൂന്ന് വര്‍ഷങ്ങളില്‍ അനുവദിക്കപ്പെട്ട 188 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ വടകര മുനിസിപ്പല്‍ പരിധിയില്‍ മാത്രം 106 കോടിയാണ് ചിലവഴിച്ചിട്ടുള്ളത്. കടല്‍ഭിത്തി നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത് ഉദ്യോഗസ്ഥരും എഞ്ചിനീയര്‍മാരുമാണ്, എംഎല്‍എ അല്ല. ഇതൊക്കെ അറിയാതെ നടത്തുന്ന ആരോപണം ഇക്കാലത്ത് വിലപ്പോവില്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. റവന്യൂ
ടവര്‍ 25.78 കോടി, കുടുംബ കോടതി 9.2 കോടി, മത്സ്യ മാര്‍ക്കറ്റ് 15.36 കോടി, കടല്‍ ഭിത്തി 18 കോടി, ആയുര്‍വേദ ആശുപത്രി, 50 ലക്ഷം, ഒവിസി തോട് 1.7 കോടി, എംസി കനാല്‍ അക്ലോത്ത് നട 2 കോടി, പോളിടെക്‌നിക് 50 ലക്ഷം, അഴിത്തല ഫിഷ് ലാന്‍ഡിങ് സെന്റര്‍ 1.2 കോടി, പുത്തൂര്‍ ഹൈസ്‌കൂള്‍ ബില്‍ഡിംഗ് 45 ലക്ഷം, പ്രീമെട്രിക് ഹോസ്റ്റല്‍ പുതുപ്പണം 5 കോടി, തച്ചോളി മാണിക്കോത്ത് ക്ഷേത്രം 4.02 കോടി, താഴെയങ്ങാടി 1.45കോടി, ജയില്‍ മതില്‍ നിര്‍മാണം 2 കോടി, എംഎല്‍എ ഫണ്ട് റോഡുകള്‍ 6 കോടി, നാരായണ നഗരം 4.5കോടി എന്നിങ്ങനെയാണ് വടകര നഗരസഭ പരിധിയില്‍ മാത്രം നടന്നുവരുന്ന പ്രവൃത്തികള്‍. ഒഞ്ചിയം, ഏറാമല, ചോറോട്, അഴിയൂര്‍ പഞ്ചായത്തുകളിലായി മറ്റ് പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്. പഴങ്കാവ് പാറേമ്മല്‍ സ്‌കൂള്‍ പരിസരത്തും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും കരിമ്പന പാലം വരെയും ആര്‍ഇ വാളുകള്‍ മാറ്റി എലിവേറ്റഡ് മേല്‍പ്പാലം നീട്ടണം എന്ന ആവശ്യം അംഗീകരിക്കപ്പെടുന്നതും നിരന്തരമായ ഇടപെടലിന്റെ കൂടി
ഫലമാണ്. മുന്‍ കാലങ്ങളില്‍ ബജറ്റില്‍ വകയിരുത്തി ലാപ്‌സായ ഫണ്ടുകള്‍ കണ്ടെത്തി ആ പദ്ധതികളെ പുനരുജീവിപ്പിച്ച് നടപ്പില്‍ വരുത്തുന്നതിനും തീവ്രമായ പരിശ്രമം തന്നെ നടത്തിയിട്ടുണ്ട്. അഞ്ചുവര്‍ഷം പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ വടകരയിലെ ജനങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് നിരന്തര ഇടപെടലുകള്‍ നടത്തി സജീവമായി നിലകൊണ്ടു എന്ന ആത്മസംതൃപ്തിയാണ് ഉള്ളത്. ബാലിശമായ ആരോപണങ്ങള്‍ ഉയര്‍ത്തി ആത്മാര്‍ഥ പരിശ്രമങ്ങളുടെ നിറം കെടുത്തി കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.















