
വടകര: പ്രസിദ്ധമായ തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിലെ തിറയുത്സവം 21, 22, 23 തീയതികളില്‍ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 21ന് വൈകീട്ട് ജില്ലയിലെ പ്രഗത്ഭരായ കളരിഗുരുക്കന്മാരുടെ അഭ്യാസ പ്രകടനത്തോടെയാണ് ഉത്സവത്തിന് തുടക്കം. ചേളന്നൂര്‍ തൃലോക കളരി, വില്യാപ്പള്ളി അഷ്പതി കളരി, വടകര സഹസ്രാര കളരി, കെപിസിജി കളരി വെളുത്തമല, പേരാമ്പ്ര യൂനിവേഴ്‌സല്‍ കളരി എന്നീ
സംഘങ്ങള്‍ അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കും.
22, 23 തിയ്യതികളില്‍ വെള്ളാട്ട്, തിറ എന്നിവ നടക്കും. 22ന് വൈകീട്ട് 5.30ന് ലോകനാര്‍കാവില്‍നിന്ന് തുടങ്ങുന്ന ദീപംവരവിനെ ക്ഷേത്രത്തിലേക്ക് ആനയിക്കും. രാത്രി ഏഴിന് തച്ചോളി ഒതേനക്കുറുപ്പിന്റെ വെള്ളാട്ട്, 8.30ന് കുട്ടിച്ചാത്തന്‍ വെള്ളാട്ട്, 9.15ന് കളരിയഭ്യാസ പ്രകടനം, 10.30ന് ഗുളികന്‍ വെള്ളാട്ട്, 11ന് കേളുക്കുറുപ്പിന്റെ വെള്ളാട്ട് എന്നിവ നടക്കും. രാവിലെ ഒന്‍പതിനുള്ള ഇളനീര്‍ വരവോടെയാണ് 23ന്റെ ചടങ്ങുകള്‍ തുടങ്ങുക. ഒരുമണിക്ക് പുള്ളുവക്കലശം, 2.30ന് കൊല്ലന്‍വരവ്, 3.15ന് തണ്ടാന്‍വരവ്, 4.45ന് വാളെഴുന്നള്ളിപ്പ്, ആറിന് ദീപാരാധന, 6.45ന് തച്ചോളി ഒതേനക്കുറുപ്പിന്റെ വെള്ളാട്ട്, എട്ടിന് കുട്ടിച്ചാത്തന്‍ വെള്ളാട്ട്, ഒന്‍പതിന് കളരിയഭ്യാസപ്രകടനം, 10.30ന് ഗുളികന്‍വെള്ളാട്ട്, 11.30ന്
കേളുക്കുറുപ്പിന്റെ വെള്ളാട്ട്, 12ന് ഗുളികന്‍തിറ, പുലര്‍ച്ചെ ഒരുമണിക്ക് കുട്ടിച്ചാത്തന്‍ തിറ, രണ്ടിന് ് കേളുക്കുറുപ്പിന്റെ തിറ, 2.30ന് തച്ചോളി ഒതേനക്കുറുപ്പിന്റെ തിറ. പുലര്‍ച്ചെ നാലിന് നടയടക്കും.
പൈതൃക പദ്ധതിയില്‍പെടുത്തി ക്ഷേത്രത്തില്‍ നവീകരണം നടക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. നടപ്പന്തല്‍ നിര്‍മിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കളരി, മ്യൂസിയം, ഗ്യാലറി തുടങ്ങിയവയും യാഥാര്‍ഥ്യമാവും.
വാര്‍ത്താസമ്മേളനത്തില്‍ എന്‍എസ്എസ് വടകര യൂണിയന്‍ പ്രസിഡന്റ് വി. ശശീന്ദ്രന്‍, വൈസ് പ്രസിഡന്റ് കെ.നാരായണന്‍, വികസന സമിതി ചെയര്‍മാന്‍ ബാലകൃഷ്ണന്‍, എന്‍.പി.രവീന്ദ്രന്‍, സുരേഷ് ഗുരുക്കള്‍ എന്നിവര്‍ പങ്കെടുത്തു.
















