
പാലക്കാട്: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി.കെ.ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി. ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കും. പാര്‍ട്ടിയുമായി
അകന്നു കഴിയുന്ന പി.കെ.ശശി പോയാലും കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഗോവിന്ദന്റെ പ്രസ്താവനയാണ് പെട്ടെന്നുള്ള രാജിക്ക് ശശിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. സിപിഎം ജില്ലാ നേതൃത്വവുമായി പി.കെ.ശശി ദീര്‍ഘകാലമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തു നിന്നു ശശിയെ നീക്കണമെന്ന് സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പി.കെ ശശിയെ അനുകൂലിക്കുന്ന വിഭാഗം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. ശശിക്കെതിരെ മണ്ണാര്‍ക്കാട്ടെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗം നടത്തിയതും
പാര്‍ട്ടിയുമായി അകലുന്നതിന് കാരണമായിരുന്നു. അടുത്തിടെ പി കെ ശശിയെ പരസ്യമായി തള്ളി സിപിഎം ജില്ലാ സെക്ട്രടറി ഇഎന്‍ സുരേഷ് ബാബുവും രംഗത്തു വന്നിരുന്നു. ബ്രാഞ്ചിലിരിക്കുന്നത് ശശിയുടെ കഴിവുകേടു കൊണ്ടാണെന്നായിരുന്നു സുരേഷ് ബാബു അഭിപ്രായപ്പെട്ടത്.
സിപിഎം വിട്ടാല്‍ പി കെ ശശി കോണ്‍ഗ്രസില്‍ ചേരുമോ, അതോ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമോ എന്നതും പാലക്കാട്ടെ ജനങ്ങള്‍ ഉറ്റുനോക്കുന്നു. ഷൊര്‍ണൂരില്‍ മല്‍സരിച്ചാല്‍ ശശിക്ക് വിജയിക്കാനാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. എന്നാല്‍ യാതൊരു സ്വാധീനവും ശശിക്ക് ഉണ്ടാക്കാനാവില്ലെന്നാണ് സിപിഎം പറയുന്നത്.
















