
വടകര: സ്വാതന്ത്ര്യസമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കെ.കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണാര്‍ഥം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന്
മികച്ച നിയമസഭാംഗവും മുന്‍ മന്ത്രിയുമായ സി.കെ.നാണു അര്‍ഹനായതായി സംഘാടകസമിതി ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.രമേഷ്ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങിയ പുരസ്‌കാരം 21 ന് വൈകുന്നേരം അഞ്ചിന് വടകര സാംസ്‌കാരിക ചത്വരത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ.എം.എന്‍.കാരശ്ശേരി സി.കെ.നാണുവിന് കൈമാറും.
ഡോ.കെ.എം.അനില്‍ മുഖ്യപ്രഭാഷണം നടത്തും.
ഡോ.വര്‍ഗീസ് ജോര്‍ജ്, പി.ഹരീന്ദ്രനാഥ്, മനയത്ത് ചന്ദ്രന്‍, തില്ലേരി ഗോവിന്ദന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. ദീര്‍ഘകാലം എംഎല്‍എ ആയിരുന്നപ്പോഴും പിന്നീട് മന്ത്രിയായിരുന്നപ്പോഴും മാതൃകാ പ്രവര്‍ത്തനമാണ് നാണുവേട്ടന്‍ കാഴ്ചവെച്ചതെന്ന് ഇവര്‍ പറഞ്ഞു. നമ്മുടെ നാടിന് കൈരളിയുടെ മുന്നില്‍ ഉയര്‍ത്തിക്കാണിക്കാവുന്ന പരമോന്നതവ്യക്തിത്വമാണദ്ദേഹം. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍
കെ.എസ്.യുവിലൂടെ രാഷ്ട്രീയരംഗത്തെത്തിയ അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് രംഗത്തും സജീവമായിരുന്നു. വയലാര്‍ രവി, എ.കെ.ആന്റണി, എം.എ ജോണ്‍ എന്നിവരോടൊപ്പം പൊതുരംഗത്ത് നേതൃപരമായ പ്രവര്‍ത്തനം നടത്തിയ സി.കെ.നാണു വടകരയിലെ കായിക പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. വോളിബോള്‍, ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ തുടങ്ങിയവയുടെ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ അതീവ തത്പരനായിരുന്നു അദ്ദേഹം-ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ തില്ലേരി ഗോവിന്ദന്‍, പി.പി.രതീശന്‍ എന്നിവര്‍ പങ്കെടുത്തു.
















