ആയഞ്ചേരി: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വേളം പള്ളിയത്ത്-പെരുവയല്‍ റോഡ് നവീകരണത്തിന് മൂന്ന് കോടി രൂപ അനുവദിച്ചതായി
കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അറിയിച്ചു. എ.കണാരന്‍ എംഎല്‍എയായിരുന്ന കാലത്താണ് പ്രദേശവാസികളുടെ കൂട്ടായ്മയോടെ പള്ളിയത്ത് പെരുവയല്‍ റോഡ് നിര്‍മിച്ചത്. നടപ്പാത മാത്രമായിരുന്ന വഴിയാണ് റോഡായി വികസിപ്പിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും പോകുന്നതിന് ഈ പ്രദേശത്തുള്ളവര്‍ വളരെയധികം പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ റോഡ് നിര്‍മിച്ചതിനുശേഷം അറ്റകുറ്റപ്പണികള്‍ നടത്തി എന്നല്ലാതെ റോഡ് വികസനം നടത്താന്‍ സാധിച്ചിരുന്നില്ല. കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട റോഡ് എന്ന നിലയ്ക്ക് ഈ റോഡ് വികസനം യാഥാര്‍ഥ്യമാക്കണമെന്ന് ധനകാര്യ മന്ത്രി
കെ.എന്‍.ബാലഗോപാലനോട് നേരിട്ട് അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് പള്ളിയത്ത് പെരുവയല്‍ റോഡിന് മൂന്ന് കോടി രൂപ ബജറ്റില്‍ വകയിരുത്തിയത്. നവീകരണം പൂര്‍ത്തിയായാല്‍ കുറ്റ്യാടി-പേരാമ്പ്ര റോഡില്‍നിന്ന് വടകരയിലെത്താനുള്ള പ്രധാന മാര്‍ഗമായി ഈ റോഡ് മാറും. പാടശേഖരങ്ങളുടെ സമീപത്ത് കൂടെ കടന്നുപോകുന്ന റോഡ് വേളത്തെ കാര്‍ഷിക മേഖലയുടെ വികസനത്തിനും പ്രയോജനപ്പെടും.















