
വടകര: എസ്എസ്എല്‍സി പരീക്ഷയില്‍ ഒരു വിഷയത്തിന് 80 ല്‍ 79 മാര്‍ക്ക് ലഭിച്ചിട്ടും വിദ്യാഭ്യാസ വകുപ്പ് നല്‍കിയത് ബി പ്ലസ് ഗ്രേഡ്. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചിട്ടും
വിദ്യാഭ്യാസ വകുപ്പ് ഗ്രേഡ് മാറ്റി നല്‍കിയില്ല. മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനി ചല്ലിവയല്‍ സ്വദേശിനി പാര്‍വതി സുനിലിനാണ് ഈ ദുരനുഭവം.
സോഷ്യല്‍ സയന്‍സില്‍ പാര്‍വതി സുനിലിന് ലഭിച്ചത് 80 ല്‍ 79 മാര്‍ക്കാണ്. ഇത്രയേറെ മാര്‍ക്ക് ലഭിച്ചിട്ടാണ് ബി പ്ലസ് ഗ്രേഡില്‍ ഒതുക്കിയത്. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചിട്ടും അനക്കമില്ലാതായതോടെ മേമുണ്ട സ്‌കൂള്‍ അധികൃതര്‍ ഇടപെടുകയായിരുന്നു. ഉത്തരക്കടലാസ് കയ്യില്‍ കിട്ടിയപ്പോള്‍ തെളിവോടെ വിദ്യാഭ്യാസ വകുപ്പിന് സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കി. തുടര്‍ന്നാണ് ഇന്നലെ ഗ്രേഡ് മാറി എ പ്ലസ് ആക്കിയത്. ഇതോടെ
പാര്‍വതി സുനിലിന് എല്ലാ വിഷയത്തിലും എ പ്ലസ് ആയി.
യഥാസമയം ഗ്രേഡ് മാറ്റി നല്‍കിയിരുന്നെങ്കില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് നല്ല പരിഗണന കിട്ടുമായിരുന്നു. എന്നാല്‍ പ്ലസ് വണ്ണിന്റെ ഫസ്റ്റ് അലോട്ട്‌മെന്റില്‍ പിറകിലാണ് പാര്‍വതിയുടെ സ്ഥാനം.
തുടക്കത്തിലേ ഫുള്‍ എ പ്ലസ് ലഭിക്കേണ്ട കുട്ടിയാണ് ബന്ധപ്പെട്ടവരുടെ അലംഭാവം കാരണം തഴയപ്പെട്ടത്. എസ്എസ്എല്‍സി ഫലം വന്ന് ഒരു മാസം പാര്‍വതി നേരിട്ട മാനസിക പ്രയാസത്തിന് ആര് ഉത്തരം നല്‍കുമെന്ന ചോദ്യമാണ് ഉയരുന്നത്.
















