
വടകര: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്‌കറിനെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം ബുധനാഴ്ച
അപേക്ഷ നല്‍കും. പ്രതിയുടെ ജാമ്യാപേക്ഷയും ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനുമായ ജിതിന്‍ ഭാസ്‌കറിനെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ്
ചെയ്യുകയായിരുന്നു. നേരത്തെ ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. വടകര സ്‌ക്വാഡ് എന്ന ഗ്രൂപ്പിന്റെ അഡ്മിന്‍മാരായ ആറ് പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പത്ത് പേരാണ് ഗ്രൂപ്പിന്റെ അഡ്മിന്മാര്‍. കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തില്‍ ആദ്യ അറസ്റ്റാണ് ജിതിന്റേത്. സ്‌ക്രീന്‍ ഷോട്ട് ജിതിന്‍ വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യം
ഇട്ടുവെന്നും പിന്നാലെ റിബേഷ് രാമകൃഷ്ണന്‍ ഇത് റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പില്‍ പ്രചരിപ്പിച്ചു എന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.
അന്വേഷണം പുരോഗമിക്കുന്നുവെന്ന് റൂറല്‍ എസ്പി
കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് വടകര റൂറല്‍ എസ് പി ഫറാഷ് വ്യക്തമാക്കി. സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച ആളെയാണ് അറസ്റ്റ് ചെയ്തതെന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും തുടര്‍ ചോദ്യംചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും എസ്പി വ്യക്തമാക്കി.
















