
വളയം: ജില്ലയില്‍ വീണ്ടും മലേറിയ രോഗം സ്ഥിരീകരിച്ചു. വളയം ടൗണ്‍ ഉള്‍പ്പെടുന്ന പതിനാലാം വാര്‍ഡില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിക്കാണ് രോഗബാധ
കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് വളയത്തെത്തിയത്. കഠിനമായ പനിയെത്തുടര്‍ന്ന് വളയം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതിനിടെ, രോഗി സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്തതായാണ് വിവരം.
കോഴിക്കോട്ട് ഇന്നലെ രണ്ടുപേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചിരുന്നു. ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിലുള്ള 63കാരനും തിക്കോടിയില്‍ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒളവണ്ണ സ്വദേശി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പനി കടുത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് 63കാരനും താമസിച്ചിരുന്നത്. ഇവിടെ നിന്നാകാം രോഗം ഇയാളിലേക്ക് ബാധിച്ചതെന്നാണ്
ആരോഗ്യവകുപ്പിന്റെ സംശയം. തിക്കോടിയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളി ഏതാനും ദിവസങ്ങള്‍ മുമ്പാണ് ജോലി അന്വേഷിച്ച് എത്തിയത്.
പെണ്‍ അനോഫിലിസ് കൊതുകുകളാണ് മലേറിയ പരത്തുന്നത്. മനുഷ്യരില്‍ ജീവന് ഭീഷണിയായ സാംക്രമിക രോഗമാണിത്. കൊതുകിന്റെ കടിയേറ്റ് പത്ത് മുതല്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. വിറയലോടുകൂടിയ കടുത്ത പനി, തലവേദന, പേശീവേദന, സന്ധിവേദന, അമിതമായ ക്ഷീണം, ഓക്കാനം, ഛര്‍ദി, വയറിളക്കം എന്നിവയാണ് മലേറിയയുടെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടണം. ഉറങ്ങുമ്പോള്‍ കൊതുക് വല ഉപയോഗിക്കുക, പരമാവധി കൊതുക് കടി ഏല്‍ക്കാതിരിക്കുക, പരിസരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.
















