
ന്യൂയോര്‍ക്ക്: ക്ലാസിക് നിലവാരത്തിലേക്ക് ഉയര്‍ന്ന പോരാട്ടത്തില്‍ സെനഗലിനെതിരെ ഫ്രാന്‍സിന് ആവേശകരമായ വിജയം. രണ്ടാം പകുതിയില്‍ ഗോളുകള്‍ നിറഞ്ഞ മത്സരത്തില്‍
3-1 എന്ന സ്‌കോറിനാണ് ഫ്രഞ്ച് പട തങ്ങളുടെ ആധികാരിക വിജയം സ്വന്തമാക്കിയത്. ലോകകപ്പ് കിരീടം വീണ്ടെടുക്കാനുള്ള ഫ്രാന്‍സിന്റെ യാത്രയില്‍ കിലിയന്‍ എംബാപ്പെയുടെ മാന്ത്രിക പ്രകടനമാണ് നിര്‍ണായകമായത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ സെനഗല്‍ ആയിരുന്നു കൂടുതല്‍ മികച്ചുനിന്നത്. ഫ്രഞ്ച് പ്രതിരോധത്തെ പലതവണ വിറപ്പിച്ച സെനഗലിന് ലീഡ് എടുക്കാന്‍ സുവര്‍ണാവസരങ്ങള്‍
ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. നിക്കോളാസ് ജാക്സന്റെ ഷോട്ട് ഗോള്‍പോസ്റ്റില്‍ തട്ടിത്തെറിച്ചപ്പോള്‍ ഗോള്‍മുഖത്ത് നിന്ന് ഇസ്മായില സാര്‍ പാഴാക്കിയ അവസരം സെനഗലിന് വലിയ തിരിച്ചടിയായി.
ആദ്യ പകുതിയില്‍ നിന്ന് വ്യത്യസ്തമായ ടീമിനെയാണ് ഫ്രാന്‍സിന്റെ ഭാഗത്ത് കണ്ടത്. മൈക്കല്‍ ഒലിസെയുടെ മികച്ചൊരു പാസില്‍ നിന്ന് കിലിയന്‍ എംബാപ്പെ ഫ്രാന്‍സിനായി ആദ്യ ഗോള്‍ കണ്ടെത്തി. തൊട്ടുപിന്നാലെ അഡ്രിയന്‍ റാബിയോയുടെ കൃത്യമായ പാസില്‍
നിന്ന് പകരക്കാരനായി ഇറങ്ങിയ ബ്രാഡ്‌ലി ബാര്‍ക്കോല ഒരു മനോഹരമായ ചിപ്പ് ഗോളിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഇബ്രാഹിം എംബായെ സെനഗലിനായി ഒരു ഗോള്‍ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടി കയറി. ഫ്രഞ്ച് ക്യാപ്റ്റന്റെ മറുപടി അതിവേഗത്തിലായിരുന്നു. റീസ്റ്റാര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെ, മുപ്പത് വാര അകലെ നിന്ന് എംബാപ്പെ തൊടുത്ത ഉജ്ജ്വലമായ ഒരു സ്ട്രൈക്ക് സെനഗല്‍ വലയുടെ ടോപ്പ് കോര്‍ണറില്‍ പതിച്ചു. ഇതോടെ ഫ്രാന്‍സ് വിജയം ഉറപ്പിച്ചു.
















