വടകര: വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ട വാട്സാപ്പ് സന്ദേശത്തിനു പിന്നില്‍ യൂത്ത് ലീഗ് ആണെന്ന് തെളിയിച്ചാല്‍ 10 ലക്ഷം രൂപ ഇനാം നല്‍കുമെന്ന് യൂത്ത് ലീഗ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഏപ്രില്‍ 25 ന് യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരില്‍ വ്യാജ വാട്സാപ്പ് ഗ്രപ്പ് ഉണ്ടാക്കി അതില്‍ എംഎസ്എഫ് ജില്ലാ സെക്രട്ടറി പി.കെ.കാസിം എന്ന പേരില്‍ വ്യാജ നമ്പര്‍ ആഡ് ചെയ്ത് വ്യാജ സന്ദേശം പോസ്റ്റ് ചെയ്തത്. പിന്നീട് സഖാക്കളുടെ പേരിലുള്ള ഗ്രൂപ്പില്‍ ഇതിന്റെ സ്ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്യുകയും തുടര്‍ന്ന് വ്യാപകമായി പ്രചരിപ്പിക്കുകയുമായിരുന്നെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ പോലും ഈ വ്യാജ പ്രചരണം ഏറ്റെടുത്ത് നടത്തിയെന്നും ഇവര്‍ പറഞ്ഞു.
സംഭവം അന്വേഷിക്കണമെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് പി.കെ.കാസിം പോലീസില്‍ പരാതി നല്‍കിയിരുന്നു. കാസിം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാവുകയും മൊബൈല്‍ ഫോണ്‍ പരിശോധനക്ക് നല്കി നിരപരാധിത്വം വെളിവാക്കുകയും ചെയ്തതാണ്. എന്നാല്‍ ഇപ്പോഴും ഇടതു കേന്ദ്രങ്ങള്‍ ആപത്കരമായ രീതിയില്‍ പ്രചാരണം നടത്തുകയാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിന്റെ കൂടി ഭാഗമായാണ് പത്ത് ലക്ഷം ഇനാം പ്രഖ്യാപിച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം.മുനീര്‍, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല തന്‍ഈം, സെക്രട്ടറി വി. ബഷീര്‍, നൗഫല്‍, അസ്ലം എന്നിവര്‍ പങ്കെടുത്തു.