കല്ലാച്ചി: പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്തെന്ന കേസില്‍ യുവാവിന് 58 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി വളവിലായി രതീഷിനെയാണ് (25) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എം.സുഹൈബ് ശിക്ഷിച്ചത്.
നരിപ്പറ്റയിലെ വാടകവീട്ടില്‍ താമസിച്ചു വന്ന രതീഷ് ബാലികയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് കുട്ടിയെ കീഴ്പെടുത്തി ക്രൂരമായ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. 2020 ഒക്ടോബര്‍ മുതല്‍ 2021 ഫെബ്രുവരി വരെ പല ദിവസങ്ങളിലായി ലൈംഗിക അതിക്രമവും ബലാല്‍സംഗവും നടത്തുകയായിരുന്നു. വിവരമറിഞ്ഞ സാമൂഹ്യപ്രവര്‍ത്തകരും മറ്റും കുട്ടിയെ രക്ഷപ്പെടുത്തി ബാലികാസദനത്തിലേക്കും തുടര്‍ന്ന് കോഴിക്കോട് ചില്‍ഡ്രന്‍ ഹോമിലേക്കും എത്തിക്കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒളിവില്‍ പോയ പ്രതിയെ കന്യാകുമാരിയില്‍ വെച്ച് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കുറ്റ്യാടി പോലീസ് ഇന്‍സ്പെക്ടര്‍മാരായ കെ.രാജീവ് കുമാര്‍, ഹര്‍ഷാദ് ടി.പി എന്നിവര്‍ കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് 24 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും മൂന്ന് രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.