പയ്യോളി: സിപിഎം ലോക്കല്‍ സെക്രട്ടറി സത്യനാഥന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ലെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി.ദുല്‍ഖിഫില്‍. സത്യനാഥന്റെ മരണത്തിലേക്ക് നയിച്ചത് സിപിഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയ കലഹങ്ങളും അതില്‍ നിന്ന് ഉടലെടുത്ത വ്യക്തിവിരോധവുമാണ്. പാര്‍ട്ടിക്ക് വേണ്ടി ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ക്രിമിനല്‍ സംഘത്തെ വാര്‍ത്തെടുക്കുകയും ഈ ആക്രമി സംഘത്തിന്റെ എല്ലാ പ്രവത്തനങ്ങള്‍ക്കും സംരക്ഷണമൊരുക്കുകയും ചെയ്തത് കൊയിലാണ്ടിയിലെ പാര്‍ട്ടി നേതൃത്വമാണെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാനും അടിച്ചമര്‍ത്താനും ഈ ക്രിമിനല്‍ സംഘത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഈ സംഘത്തിന്റെ നിയന്ത്രണം നേതൃത്വത്തിന് നഷ്ടപ്പെട്ടതും പിന്നീട് ഇവര്‍ തമ്മിലുണ്ടായ കൂടിപ്പകയുമാണ് സത്യനാഥന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇത്തരം ക്രിമിനല്‍ സംഘം പല പേരുകളിലും കൊയിലാണ്ടിയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.
പാര്‍ട്ടിയുടെ താല്പര്യങ്ങള് സംരക്ഷിക്കാനും രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താനും ക്രിമിനല്‍ സംഘത്തെ പാലൂട്ടി വളര്‍ത്തിയ കൊയിലാണ്ടിയിലെ നേതൃത്വമാണ് സത്യനാഥന്റെ കൊലപാതകത്തിലെ ഒന്നാമത്തെ ഉത്തരവാദികള്‍. ഈ ക്രിമിനല്‍ സംഘത്തിനെതിരെ പോലീസ് കൃത്യമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ ഇനിയും ഇത്തരം ആക്രമങ്ങള്‍ ഉണ്ടാവും. ഇത് കൊയിലാണ്ടിയുടെ സമാധാന അന്തരീക്ഷത്തിനും സൈ്വര്യ ജീവിതത്തിനും ദോഷം ചെയ്യും. ഇക്കാര്യത്തില്‍ പോലീസ് ശക്തമായ നടപടി സ്വീകരിച്ച് ഇത്തരം ക്രിമിനല്‍ സംഘത്തെ അടിച്ചമര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.