കുറ്റ്യാടി: കാഫിര്‍ പരാമര്‍ശത്തില്‍ സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ.കെ.ലതികക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ജില്ല പഞ്ചായത്തംഗവുമായ വി.പി.ദുല്‍ഖിഫില്‍ നല്കിയ പരാതി സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ പ്രതിഷേധം. പരാതി സ്വീകരിക്കില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തതോടെ ദുല്‍ഖിഫില്‍ ഇന്നലെ രാത്രി ഒന്നര മണിക്കൂറോളം പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.
ഇതേ ആവശ്യം ഉന്നയിച്ച് യൂത്ത്കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയതിന്റെ പേരിലാണ് പോലീസ് വിമുഖത കാണിച്ചത്. സ്റ്റേഷനില്‍ പരാതിയുമായി എത്തിയാല്‍ അത് സ്വീകരിച്ച് രശീതി നല്‍കണമെന്ന നിലപാട് ദുല്‍ഖിഫിലും നേതാക്കളും കൈക്കൊണ്ടു. ഒടുവില്‍ ഡിവൈഎസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പരാതി സ്വീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ചാലില്‍, ഷംസീര്‍ എകെ, ജംഷി അടുക്കത്ത്, അഫ്സല് മുഹമ്മദ്, പിപികെ നവാസ് അമാന്‍ തുടങ്ങിയവരുടെനേതൃത്തിലായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് കുറ്റ്യാടി ബ്ലോക്ക് പ്രസിഡന്റ് ശ്രിജേഷ് ഊരത്തും സ്ഥലത്ത് എത്തിയിരുന്നു. കെ.കെ.ലതികയുടെ സ്വദേശം എന്ന നിലയിലാണ് യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി പോലീസില്‍ പരാതി നല്‍കിയത്.