കോഴിക്കോട്: വ്യാജ കാഫിര്‍ സ്ക്രീന്‍ഷോട്ട് വിഷയത്തില്‍ ഇടതുപക്ഷവും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ക്കണ്ട് ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് വിജയം നേടാനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. ഉത്തരവാദപ്പെട്ട ഒരു വിദ്യാര്‍ഥി സംഘടനയുടെ ജില്ലാ നേതാവിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി ഏറ്റവും നീചമായ പ്രവൃത്തിക്കാണ് സിപിഎം നേതൃത്വം കൊടുത്തത്. കാഫിര്‍ പ്രയോഗവുമായി ബന്ധപ്പെട്ട് സിപിഎമ്മും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയും മുന്‍ എംഎല്‍എ ലതികയും നടത്തിയത് അങ്ങേയറ്റം തരംതാണ കാര്യങ്ങളാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയെ പോലും ഈ വിവാദത്തിലേക്ക് വലിച്ചിഴക്കുകയുണ്ടായി. ആര്‍എസ്എസിനെയും ബിജെപിയെയും നാണിപ്പിക്കുന്ന തരത്തിലുള്ള സമീപനം സ്വീകരിച്ച സിപിഎമ്മും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും പൊതുസമൂഹത്തിന് മുന്നില്‍ മാപ്പ് പറയണമെന്നും ദുല്‍ഖിഫില്‍ ആവശ്യപ്പെട്ടു.