കൊയിലാണ്ടി: ദേശീയ പാതയിലെ പ്രവൃത്തി കാരണം റോഡുകള്‍ ശോചനീയാവസ്ഥയിലായതോടെ ബസ് സര്‍വീസ് താറുമാറായി. ഇതിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് വടകരയിലെയും കൊയിലാണ്ടിയിലെയും ബസ് ഉടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളും സംയുക്തയോഗം ചേര്‍ന്ന് പ്രത്യക്ഷ സമരപരിപാടികള്‍ക്ക് രൂപം നല്കി.
കൊയിലാണ്ടി, വടകര താലൂക്കുകളിലെ ദേശീയപാതയുടെ സ്ഥിതി പരിതാപകരമായതിനാല്‍ ബസുകളുടെ ട്രിപ്പുകള്‍ മുടങ്ങുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇരുഭാഗത്തേയും ബസുകള്‍ പയ്യോളി വരെയേ സര്‍വീസ് നടത്തുള്ളൂ. സമരസമിതിയുടെ തീരുമാനപ്രകാരം കലക്ടര്‍ക്കും എംപി, എംഎല്‍എമാര്‍ക്കും നിവേദനം നല്‍കാനും പരിഹാരം കണ്ടില്ലെങ്കില്‍ വഗാഡിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു.
പയ്യോളിയില്‍ ചേര്‍ന്ന യോഗത്തില്‍ എ.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. യുനിയനുകള്ക്ക് വേണ്ടി പി.ബിജു (സിഐടിയു), അഡ്വ: ഇ.നാരായണന് നായര്‍ (ഐഎന്‍ടിയുസി), ശിവപ്രകാശ് (ബിഎംഎസ്), പ്രൈവറ്റ് ബസ് ഓപ്പറേറ്റീവ് അസോസിയേഷനു വേണ്ടി എ.പി.ഹരിദാസന്, ഇ.സി. കുഞ്ഞമ്മദ്, ടി.കെ.ദാസന്, മനോജ് കെ.കെ, അബുഹാജി പാറക്കല്‍, സുശീല്‍ എന്നിവര്‍ സംസാരിച്ചു