വടകര: മണിയൂര്‍ കരുവഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ നടന്ന ബോംബറില്‍ വ്യാപക പ്രതിഷേധം. അക്രമത്തെ നേതാക്കള്‍ അപലപിച്ചു. വില്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മുതു വീട്ടില്‍ ബാബുവിന്റെ വീടിനു നേരെയാണ് ഇന്നലെ രാത്രി വൈകി ബോംബേറ് ഉണ്ടായത്. ബാബുവിന്റെ മകന് വിഷ്ണു മണിയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണ്. വീടിന്റെ വാതിലിനും ചുമരിനും കേടുപറ്റിയിട്ടുണ്ട്. കെപിസിസി സെക്രട്ടറി അഡ്വ. ഐ.മൂസ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി.ഷീബ, കോണ്‍ഗ്രസ് നേതാക്കളായ സി.പി.വിശ്വനാഥന്, അഷ്റഫ് ചാലില്‍, എന്‍.കെ.ഹമീദ്, ഹരീന്ദ്രന്‍ കരിമ്പനപ്പാലം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി സജീവമായി നിലകൊണ്ട മുതുവീട്ടില്‍ ബാബുവിന്റെ വീടിനു നേരെ നടന്ന ആക്രമണം അത്യന്തം അപലനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് കെപിസിസി സെക്രട്ടറി അഡ്വ. ഐ.മൂസ പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാഠം പഠിക്കാത്തവര്‍ ഇത്തരം അക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നാല്‍ ഭാവിയില്‍ ഉപ്പു വെച്ച കലം പോലെ പ്രസ്ഥാനം മാറുമെന്നും അദ്ദേഹം പരിഹസിച്ചു. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഐ.മൂസ.