വടകര: സാരംഗി മ്യൂസിക്കല്‍ ഗ്രൂപ്പ് വടകര എന്ന വാട്സാപ്പ് കൂട്ടായ്മ വേറിട്ട പരിപാടികളുമായി തിളങ്ങി. ഗ്രൂപ്പിന്റെ മൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് താഴെ അങ്ങാടി കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റ് വിഭാഗത്തിന് വീല്‍ചെയറുകള്‍ നല്കി സംഘം മാതൃകയായി. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു ഇവയുടെ സമര്പണം നിര്‍വഹിച്ചു. ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ബാരി സംഭാവന ഏറ്റുവാങ്ങി.
ഗ്രൂപ്പ് പ്രസിഡന്റ് പ്രഭാകരന്.എം.കെ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ആരോഗ്യവിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രജിത എ പി, ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സുബയര്‍.ടി, ഗ്രൂപ്പ് അംഗങ്ങളായ ഗീതം രമേശന്, വിമല മോഹന്‍ദാസ്, ആശാവര്‍ക്കര്‍ പ്രമീള പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ശൈലേഷ് അഞ്ചുകണ്ടത്തില്‍ സ്വാഗതവും ഖജാന്‍ജി ഗിരീഷ് വളപ്പില്‍ നന്ദിയും പറഞ്ഞു.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാരായണനഗറിലുള്ള സ്നേയ്ക് ആന്‍ഡ് ലേഡര്‍ പാര്‍ക്കില്‍ നടന്ന കലാപരിപാടികള്‍ പ്രശസ്ത സംഗീതജ്ഞന് പ്രേംകുമാര്‍ വടകര ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് അംഗം ശശിധരന് പടന്നയില്‍ രചിച്ച് ഇ.വി.വത്സന് ഈണം നല്കി രജീഷ് കരിമ്പനപ്പാലം ആലപിച്ച ഗാനസമാഹാരത്തിന്റെ സി ഡി പ്രകാശനം മുഖ്യാതിഥികൂടിയായ ഇ.വി.വത്സന് നിര്‍വഹിച്ചു. അമ്പതോളം കലാകാരന്മാരുടെ ഗാനാലാപനം, നൃത്തനൃത്യങ്ങള്‍, മിമിക്രി, കഥാപ്രസംഗം എന്നിവ അരങ്ങേറി.