കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാലു പേര് കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ (വി.ആര്.ഡി.എല്‍) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്നൈല്‍ ഫീവറാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്രവങ്ങള്‍ പുനെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളര്‍ച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങളും ഇതിന് സമാനമാണ്. അതിനാല്‍ രോഗബാധയുണ്ടായ ചിലര്‍ക്ക് മസ്തിഷ്കജ്വരത്തിന്റെ ചികിത്സയാണ് ആദ്യം നല്‍കിയതെന്നാണ് വിവരം. വി.ആര്.ഡി.എല്‍ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനു ശേഷമാണ് തുടര്‍നടപടികളുണ്ടായത്.
ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗ വ്യാപനം ഉണ്ടാവുക. പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതല്‍ അപകടകരമാവും
പ്രതിരോധമാണ് പ്രധാനം
വൈസ്റ്റ് നൈല്‍ രോഗത്തിന് ശരിയായ ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധമാണ് പ്രധാനം. കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, കറണ്ടില് പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ്.