കോഴിക്കോട്: ജില്ലയില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് വ്യക്തമാക്കി. കൊതുകു പരത്തുന്ന രോഗമായ വെസ്റ്റ് നൈല്‍ പനിയുടെ അഞ്ച് കേസുകളാണ് കോഴിക്കോട് ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ നാലു പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ മൂന്ന് കേസുകളും നന്മണ്ടയിലും കൂടരഞ്ഞിയിലും ഓരോ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനുപുറമേ സ്ഥിരീകരിക്കാത്ത ഒരു കേസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
വെസ്റ്റ് നൈല്‍ പനി ബാധിക്കുന്നവരില്‍ 80 ശതമാനം പേരിലും ലക്ഷണങ്ങള്‍ കാണാറില്ല. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ജില്ലാ ആരോഗ്യവകുപ്പിലെ വെക്ടര്‍ കണ്ട്രോള് യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി ഹോട്ട്സ്പോട്ട് ഇല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കി കൊതുക് മുട്ടയിടുന്നതും പെറ്റുപെരുകുന്നതുമായ സാഹചര്യം ഒഴിവാക്കുകയാണ് രോഗപ്രതിരോധത്തിനുള്ള ഫലപ്രദമായ മാര്‍ഗം. ശുദ്ധജലം ഉപയോഗിക്കുന്ന കാര്യത്തിലും അതീവ നിഷ്കര്‍ഷ പുലര്‍ത്തണം. ജില്ലയില്‍ കൊതുക് പെറ്റുപെരുകി രോഗപ്പകര്‍ച്ചാ ഭീതി സൃഷ്ടിക്കുന്ന ഉറവിടങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ എല്ലാ ഗ്രാമ പഞ്ചായത്തുകള്‍ക്കും മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഡെങ്കു, മഞ്ഞപ്പിത്തം, വെസ്റ്റ് നൈല്‍ പനി കേസുകള്‍ അടുത്തിടെ വര്‍ധിച്ചിട്ടുണ്ടെന്നും മലിന ജലത്തിന്റെ ഉപയോഗമാണ് ഇതിന്റെ മുഖ്യകാരണമെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി. ജലത്തിന്റെ ഉറവിടം മലിനപ്പെടാതെ സൂക്ഷിക്കണം. വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം-കലക്ടര്‍ പറഞ്ഞു.