വടകര: ലോക്സഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ വടകരയിലെത്തിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/66eb.jpg?resize=700%2C499&ssl=1)
മട്ടന്നൂര്‍ എംഎല്‍എയുമായ കെ.കെ.ശൈലജയെ കടത്തനാടിന്റെ ഹൃദയഭൂമിയായ വടകര വരവേറ്റു. അവിസ്മരണീയ
സ്വീകരണമാണ് റെയില്‍വെ സ്റ്റേഷനില്‍ കെ.കെ.ശൈലജക്ക് ലഭിച്ചത്. മുന്‍ ആരോഗ്യമന്ത്രിയായ കെ.കെ.ശൈലജയെ
ഇന്നാട്ടുകാര് സ്നേഹംകൊണ്ട് വീര്‍പുമുട്ടിച്ചു. നിപ്പ കാലത്തും കോവിഡ് വേളയിലും ലോകമറിഞ്ഞ പ്രതിരോധ
പ്രവര്‍ത്തനത്തിന്റെ പേരില്‍ ടീച്ചറമ്മയായി അറിയപ്പെട്ട അവരെ ആ പേര് വിളിച്ചായിരുന്നു പ്രവര്‍ത്തകര്‍ ആനയിച്ചത്.
പരശുറാം എക്സ്പ്രസില്‍ വൈകുന്നേരം 5.50 ഓടെ വന്നിറങ്ങിയ കെ.കെ.ശൈലജക്ക് എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും
ഉജ്വല വരവേല്പ് തന്നെ നല്കി. പ്രവര്‍ത്തകരുടെ ആവേശത്തള്ളലില് കെ.കെ.ശൈലജയും കൂടെയുള്ള നേതാക്കളും
വീര്പുമുട്ടി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്, എംഎല്‍എമാരായ കെ.പി.കുഞ്ഞമ്മദ്കുട്ടി, ഇ.കെ.വിജയന്, കാനത്തില്‍ജമീല, ആര്‍ജെഡി സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രന്, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ബാലന്, ആര്‍ജെഡി ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്കരന്, മുന്‍ എംഎല്‍എ കെ.കെ.ലതിക, കെ.കെ.ദിനേശന്, കെ.പുഷ്പജ തുടങ്ങി ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും സ്വീകരിക്കാനെത്തി. രണ്ടാം പ്ലാറ്റ് ഫോമില്‍ നിന്ന് ഫ്ളൈ ഓവര്‍ വഴി ഒന്നാം പ്ലാറ്റ്ഫോമിലും പിന്നീട് പാര്‍ക്കിംഗ് ഗ്രൗണ്ടിലും എത്തിയ കെ.കെ.ശൈലജയെ തുറന്ന ജീപ്പില്‍ നഗരത്തിലേക്ക് ആനയിച്ചു. ബാന്റ്മേളവും പാര്‍ട്ടിപതാകകളും വര്‍ണബലൂണുകളുടെ വാരിവില് ചന്തവും സ്വീകരണത്തിനു കൊഴുപ്പേകി. ഡിവൈഎസ്പി
ഓഫീസ്, ചന്തപറമ്പ്, അഞ്ചുവിളക്ക് ജംഗ്ഷന്, എടോടി വഴി നീങ്ങിയ സ്വീകരണയാത്ര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ആയിരങ്ങളാണ് അകമ്പടിയായി എത്തിയത്.