മടപ്പള്ളി: മാച്ചിനാരി കുന്നുകയറി മടപ്പള്ളി ഗവണ്മെന്റ് കോളജിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് ക്യാമ്പസില്‍ ലഭിച്ചത് ആവേശകരമായ സ്വീകരണം. വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും വിദ്യാര്‍ഥികള്‍ക്കൊപ്പം സെല്‍ഫിയെടുത്തും സ്വീകരണപരിപാടി മനോഹരമാക്കി. അധ്യാപകരെയും ജീവനക്കാരെയും നേരില്‍കണ്ടും ഷാഫി ക്യാമ്പസില്‍ ചെലവഴിച്ചു. വിദ്യാര്‍ഥികള്‍ വിവിധ ആവശ്യങ്ങള്‍ സ്ഥാനാര്‍ഥിക്ക് മുന്നില്‍ ഉന്നയിച്ചു. എംഎല്‍എ എന്ന നിലയില്‍ പാലക്കാട് വിക്ടോറിയ കോളജിന് താന്‍ നല്കിയ പിന്തുണ ഷാഫി വിദ്യാര്‍ഥികളുമായി പങ്കുവെച്ചു.
വടകരയില്‍ ഒരു ക്രിക്കറ്റ് നെറ്റ്സ് കേന്ദ്രത്തിന്റെ ആവശ്യം ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ഥി അതുല്‍ സാരംഗ് മുന്നോട്ടുവച്ചു. സ്ഥലം ലഭ്യമാണെങ്കില്‍, വിജയിച്ചു കഴിഞ്ഞാല്‍ തീര്‍ച്ചയായും ഇത് യാഥാര്‍ഥ്യമാക്കുമെന്ന് ഷാഫി പറമ്പില്‍ ഉറപ്പുനല്‍കി.
കെഎസ്യു യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് നിഹാല്‍, സെക്രട്ടറി സ്വാതി, ട്രഷറര്‍ ഫജിനാസ്, ഭാരവാഹികളായ അനുപ്രിയ, പാര്‍വണ എസ്, എം എസ് എഫ് യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് ഷാമില്‍, സെക്രട്ടറി നബീല്‍ മുബഷിര്‍, ട്രഷറര്‍ ഷഹബാസ് മെഹര്‍, മറ്റ് ഭാരവാഹികളായ അന്‍ഫാസ് സിദാന്, മുഹമ്മദ് സി കെ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ഥിയെ മടപ്പള്ളി ഗവണ്മെന്റ് കോളജിലേക്ക് ആനയിച്ചത്.