അഴിയൂര്‍: ഹരിത കേരളം മിഷന്റെയും സിഡബ്ല്യുആര്ഡിഎമ്മിന്റെയും സഹകരണത്തോടെ അഴിയൂര്‍ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ജലബജറ്റിന്റെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പി ടി പ്രസാദിന് നല്കി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന് തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു.
ഓരോ പ്രദേശത്തെയും ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി വെള്ളത്തിന്റെ ലഭ്യതയും ഉപയോഗവും അടിസ്ഥാനമാക്കി തയാറാക്കുന്ന ശാസ്ത്രീയ രേഖയാണ് ജലബജറ്റ്. ഓരോ പ്രദേശത്തും ലഭിക്കാനിടയുള്ള വെള്ളത്തിന്റെ അളവ്, അവിടുത്തെ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ഉപഭോഗം എന്നിവയാണ് ജല ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പഞ്ചായത്ത് സെക്രട്ടറി ഷാജി ആര് എസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ അനിഷ ആനന്ദ സദനം, അബ്ദുള്‍ റഹീം പുഴക്കല്‍ പറമ്പത്ത്, രമ്യ കരോടി, അസിസ്റ്റന്റ് സെക്രട്ടറി സുനീര്‍ കുമാര്‍ എം, വിഇഒ ഭജീഷ് കെ, സെബാസ്റ്റ്യന്‍, നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ് പേഴ്സണ്‍ ഷംന പി എന്നിവര്‍ സംസാരിച്ചു.
വാര്‍ഡ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജലമിത്രം അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കുന്നമംഗലം ബ്ലോക്ക്, കോഴിക്കോട് ബ്ലോക്ക്, വടകര മുനിസിപ്പാലിറ്റി, ചേളന്നൂര്‍ ബ്ലോക്ക്, വടകര ബ്ലോക്ക് എന്നിവയാണ് ജല ബജറ്റ് പൂര്‍ത്തീകരിച്ച് പ്രകാശനം നടത്തിയത്.