തിരുവനന്തപുരം: പന്ത്രണ്ട് ജില്ലകളില്‍ ഇന്ന് താപനില ഉയരുമെന്നു സൂചന. അതിനാല്‍ തന്നെ പകല്‍സമയത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്.
കൊല്ലം, പാലക്കാട് ജില്ലകളില്‍ താപനില 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില 37°C വരെയും ഉയരാം. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയുമാകാം. സാധാരണയെക്കാള്‍ 2 മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.
അതേസമയം മധ്യ-വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ ലഭ്യമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലും കേരളത്തില്‍ പലയിടങ്ങളിലും വേനല്‍ മഴ ലഭിച്ചിരുന്നു.
തീരമേഖലയില്‍ ഇന്നും ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് 1.16 മീറ്റര്‍ വരെ ഉയരത്തില്‍ വേഗമേറിയ തിരകള്‍ക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. തമിഴ്നാട് തീരത്തും ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.