കുറ്റ്യാടി: പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിപ, മഴക്കാല രോഗം എന്നിവയുടെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ചു റബ്ബര്‍ തോട്ട ഉടമകളുടെ യോഗം വിളിച്ചു ചേര്‍ക്കാനും ഉണങ്ങിയ മരങ്ങള്‍ വെട്ടിമാറ്റാനും തീരുമാനിച്ചു.
2024 ല്‍ താലൂക്ക് ആശുപത്രി പരിധിയില്‍ 169 മഞ്ഞപ്പിത്ത രോഗവും 76 ടൈഫോയ്ഡ് രോഗവും റിപ്പോര്‍ട്ട് ചെയ്തു. മഞ്ഞപ്പിത്തം ബാധിച്ച് രണ്ടു പേര് മരണപ്പെട്ടു. പനിയും ചുമയുമായി ചികിത്സക്കെത്തുന്നവര്‍ മാസ്ക്ക് ധരിക്കണമെന്നും സ്വയം ചികിത്സ പാടില്ലെന്നും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണമെന്നും കൈ സോപ്പ്, ഹാന്‍ഡ് വാഷ് എന്നിവ ഉപയോഗിച്ച് വൃത്തിയാക്കണമെന്നും പക്ഷിമൃഗാദികള്‍ കടിച്ച പഴങ്ങളോ പച്ചക്കറികളോ സുരക്ഷാ മാര്‍ഗമില്ലാതെ ശേഖരിക്കരുതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് യോഗം വിളിച്ച് ചേര്‍ക്കാനും യോഗത്തില്‍ തീരുമാനിച്ചു.
കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷത വഹിച്ചു. ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനുരാധ വിഷയാവതരണം നടത്തി. കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി ജീവനക്കാരി മേഘ്നയുട നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ ടി നഫീസ (കുറ്റ്യാടി), കെ സജിത്ത് (മരുതോങ്കര), ബാബു കാട്ടാളി (നരിപ്പറ്റ), മരുതോങ്കര റീത്ത, ബ്ലോക്ക് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ കുഞ്ഞിരാമന്, ചഗലീല, ഗീതാ രാജന്, കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ മോഹന്‍ദാസ്, സുരേഷ് ബാബു, ശ്രീജേഷ് ഊരത്ത്, രാധാകൃഷ്ണന് പറമ്പത്ത്, താലൂക്ക് ഹോസ്പിറ്റല്‍ എച്ച് ഐ ഗോപകുമാര്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പഞായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാര്, എച്ച് ഐമാര്‍, ജെ എച്ച് ഐമാര്‍ , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ആര്‍എംഒ ഡോ. സന്ദീപ് സ്വാഗതവും എച്ച്സി ശിവദാസന്‍ നന്ദിയും പറഞ്ഞു