വെള്ളികുളങ്ങര: ജില്ലാ വോളിബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ടീം വെള്ളികുളങ്ങര വാട്സാപ് കൂട്ടായ്മ സംഘടിപ്പിക്കുന്ന ജില്ലാ എ ഡിവിഷന് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശത്തുടക്കം. ആദ്യദിവസം നടന്ന പുരുഷവിഭാഗം മത്സരങ്ങളില്‍ നിന്നു വോളിഫ്രന്സ് പയിമ്പ്ര, ഫൈറ്റേഴ്സ് പാലങ്ങാട് എന്നീ ടീമുകള്‍ സെമി ഫൈനലില്‍ കടന്നു. പുത്തന്‍പുരയില്‍ ഇബ്രാഹിം ഹാജി ഫ്ളഡ്ലിസ്റ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് കാണാന്‍ നൂറുകണക്കിനു വോളിബോള്‍ പ്രേമികളാണ് എത്തുന്നത്. തകര്പന് സ്മാഷും ഉഗ്രന്‍ ബ്ലോക്കും കണ്ണഞ്ചിപ്പിക്കുന്ന സര്‍വും തന്ത്രപരമായ പ്ലേസിംഗുമൊക്കെയായി മത്സരം കൊഴുക്കുകയാണ്.
നാലു ദിവസത്തെ ചാമ്പ്യന്‍ഷിപ്പ് കെ.മുരളീധരന് എംപി ഉദ്ഘാടനം ചെയ്തു. കെ.കെ.രമ എംഎല്‍എ, കസ്തൂരി കാട്ടില്‍ കുഞ്ഞമ്മദ് ഹാജി, സിപിഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി.ബിനീഷ് തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ജില്ല വോളിബോള്‍ അസോസിയേഷന്റെ പതാക വോളിബോള്‍ അസോസിയേഷന് എക്സസിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാഘവന് മാണിക്കോത്തും ടീം വാട്സാപ്പ് ഗ്രൂപ്പ് പതാക ക്ലബ്ബ് പ്രസിഡന്റ് സി.എച്ച്. ഷൗക്കത്തും ഗ്രൗണ്ടില്‍ ഉയര്‍ത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ വോളിബോള്‍ അസോസിയേഷന് സിക്രട്ടറി കെ.കെ. മുസ്തഫ ചാമ്പ്യന്‍ഷിപ്പ് വിശദീകരണം നടത്തി. കോര്‍ഡിനേറ്റര്‍ മൂസ നാസര്‍ പഞ്ചായത്തംഗം ജാഫര്‍, മെഹറൂഫ് വെള്ളികുളങ്ങര,
സി.വി.വിജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.എച്ച്.ഷൗക്കത്ത് സാഗതവും ട്രഷറര്‍ കെ.ജാസിര്‍ നന്ദിയും പറഞ്ഞു. മാര്‍ച്ച് ഒന്നിന് സെമിയും രണ്ടിനു ഫൈനലും നടക്കും.